
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് അൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരങ്ങൾ കടുക്കുകയും മത്സരാർത്ഥികൾ വാശിയേറിയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന എവിക്ഷൻ ഏപ്പിസോഡിൽ വീട്ടിൽ നിന്ന് റെന ഫാത്തിമയാണ് പുറത്തുപോയത്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു റെന. ഇതോടെ പത്ത് പേരാണ് വീട്ടിൽ നിന്ന് പുറത്തുപോയത്.
ഇപ്പോൾ ബിഗ് ബോസിലേക്ക് എത്തിയ പുതിയ അതിഥികളുടെ പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി, അർജുൻ ശ്യാം എന്നിവരാണ് വീട്ടിലെത്തിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം 'മിറാഷി'ന്റെ പ്രചരണാർത്ഥമാണ് ഇവർ ബിബി ഹൗസിലേക്ക് എത്തിയത്.
ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ ശ്രദ്ധേമായ താരമാണ് അർജുൻ ശ്യാം ഗോപൻ. സീസൺ ആറിൽ ഫസ്റ്റ് റണ്ണറപ്പായിരുന്ന അർജുൻ. സിനിമാമോഹവുമായി ബിഗ് ബോസിലെത്തിയ അർജുന് ബിഗ്ബോസിലൂടെത്തന്നെയാണ് ജിത്തു ജോസഫ് സിനിമയിലേക്ക് ക്ഷണം ലഭിച്ചതും. ഷോയ്ക്കുള്ളിൽ വെച്ചു നടത്തിയ ഒരു ടാസ്കിലൂടെയാണ് അർജുന് സിനിമയിലേക്കുള്ള വിളിയെത്തുന്നത്. ഇതാണ് അർജുന് മിറാഷിലേക്ക് അവസരം ലഭിച്ചത്.
എന്നാൽ, മത്സരാർത്ഥികൾക്ക് ഏഴിന്റെ പണിയുമായാണ് പുതിയ അതിഥികൾ എത്തിയിട്ടുള്ളത്. ചിത്രത്തിൻറെ ട്രെയ്‌ലർ ബിഗ് ബോസ് വീട്ടിൽ പ്രദർശിപ്പിക്കുകയും, തുടർന്ന് മത്സരാർത്ഥികൾ സിനിമയുടെ കഥ, ഓരോരുത്തർക്കും മനസിലായ രീതിയിൽ പറയുക എന്നതാണ് ടാസ്ക്. ഇതിനായി ഗ്രൂപ്പുകളായി ഇവരെ തിരിച്ചിട്ടുണ്ട്. ഇവരിൽ മികച്ച തിരക്കഥ അതിഥികൾ തിരഞ്ഞെടുക്കണം.