ബിഗ് ബോസ് എവിക്ഷന്‍ വിവരങ്ങള്‍ ഉൾപ്പെടെ ചോർത്തുന്നു; നിയമ നടപടിക്കൊരുങ്ങി ഏഷ്യാനെറ്റ് | Bigg Boss

സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍, യൂട്യൂബര്‍മാര്‍ എന്നിവരാണ് ഇതിന് പിന്നില്‍.
Bigg Boss
Published on

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ എപ്പിസോഡുകള്‍ ടിവിയിലും, ജിയോഹോട്ട്‌സ്റ്റാറിലും പുറത്തുവിടുന്നതിന് മുമ്പ് ഷോയിലെ പ്രധാന സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ത്തുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് നിയമനടപടിക്ക് ഒരുങ്ങുന്നു. പ്രധാനമായും എവിക്ഷന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെയാണ് നടപടി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നടനും, പരിപാടിയുടെ അവതാരകനുമായ മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചിട്ടും എവിക്ഷന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍, യൂട്യൂബര്‍മാര്‍ എന്നിവരാണ് ഇതിന് പിന്നില്‍. ഇവര്‍ക്ക് എവിക്ഷന്‍ വിവരങ്ങള്‍ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഷോയുടെ ക്രൂ മെമ്പേഴ്‌സില്‍ നിന്നോ, ലൈവായി കാണാനെത്തുന്നവരില്‍ നിന്നോ ആകാം എന്നാണ് സംശയം. എന്തായാലും, ഷോയുടെ ടിആര്‍പിയെ അടക്കം ബാധിക്കുന്ന നടപടിക്കെതിരെ ഏഷ്യാനെറ്റ് നിയമനടപടികള്‍ ആരംഭിക്കുകയാണ്.

ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ചില പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും, മറ്റ് ചിലര്‍ അത് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് നിയമ നടപടി കടുപ്പിക്കുന്നത്. എവിക്ഷന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടി വേണമെന്ന് പ്രേക്ഷകരും ആവശ്യപ്പെട്ടിരുന്നു.

വേദ് ലക്ഷ്മിയാണ് ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്ന് എവിക്ടായത്. എന്നാല്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ചില പ്ലാറ്റ്‌ഫോമുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന് മുമ്പ് നടന്ന എവിക്ഷനുകളിലും ഈ നടപടി തുടർന്നിരുന്നു. മുന്‍ സീസണുകളിലും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് വ്യാപകമായിരുന്നു. ഫൈനലിലെ വിജയി ആരാണെന്ന വിവരം വരെ ചോര്‍ത്തിയിട്ടുണ്ട്. വിജയി ട്രോഫിയുമായി നില്‍ക്കുന്ന ചിത്രങ്ങളടക്കം ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com