
ആശാവർക്കേഴ്സിന്റെ ഇന്‍സെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ രാജ്യസഭയിൽ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതി ആശാ പ്രവർത്തകരുടെ ഇന്‍സെന്റീവ് വർധിപ്പിക്കാൻ ശിപാർശ ചെയ്തിട്ടുണ്ടെന്നും ആരോഗ്യമേഖലയുടെ വളർച്ചയിൽ ആശാവർക്കേഴ്സിന്റെ സംഭാവന വലുതാണെന്നും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും നദ്ദ രാജ്യസഭയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആശാവർക്കേഴ്സിന്റെ ജോലി സാധ്യതയും ഇന്‍സെന്റീവും ഉയർത്തി. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിലും ആയുഷ്മാൻ ഭാരത് പദ്ധതിയിലും ജീവൻ ജ്യോതി ഭീമ യോജനയിലും ആശാവർക്കേഴ്സിനെയും കുടുംബത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശമാരുടെ ഇന്‍സെന്റീവ് കാലോചിതമായി വർധിപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.