സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി വന്ന രാപ്പകൽ സമരം ആശമാർ 266-ാം ദിവസം അവസാനിപ്പിക്കുന്നു: സുപ്രധാന തീരുമാനം, ഇനി ജില്ലകളിലേക്ക് | ASHA workers

കേരളപ്പിറവി ദിനമായ നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി വന്ന രാപ്പകൽ സമരം ആശമാർ 266-ാം ദിവസം അവസാനിപ്പിക്കുന്നു: സുപ്രധാന തീരുമാനം, ഇനി ജില്ലകളിലേക്ക് | ASHA workers
Published on

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ 266 ദിവസമായി നടത്തിവന്ന അനിശ്ചിതകാല രാപ്പകൽ സമരം ആശാ പ്രവർത്തകർ അവസാനിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നാളെ (നവംബർ 1) സമരം ഔദ്യോഗികമായി അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തും. തുടർന്ന് സമരം സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആശാ പ്രവർത്തകരുടെ സമരസമിതിയുടെ തീരുമാനം.(ASHA workers end 266th day long strike at Secretariat)

ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആശാ പ്രവർത്തകർ ചരിത്രപരമായ സമരം ആരംഭിച്ചത്. അടുത്തിടെ സർക്കാർ, നിലവിലുള്ള ഓണറേറിയം 7,000 രൂപയിൽ നിന്ന് 8,000 രൂപയായി വർദ്ധിപ്പിച്ചു.

ആയിരം രൂപയുടെ ഈ വർധനവ് തങ്ങളുടെ സമരത്തിന്റെ നേരിട്ടുള്ള ഫലമാണെന്നാണ് ആശാ പ്രവർത്തകരുടെ വിലയിരുത്തൽ. തിരിഞ്ഞുനോക്കാത്ത സർക്കാരിന്റെ 'മനം മാറ്റത്തിന്' കാരണം തങ്ങളുടെ ഐതിഹാസിക സമരമാണെന്ന് സമരസമിതി ആവർത്തിക്കുന്നു.

ഓണറേറിയം വർധനയുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ രാഷ്ട്രീയ തർക്കം ശക്തമാണ്. സി.ഐ.ടി.യു. അടക്കമുള്ള തൊഴിലാളി സംഘടനകൾ വർധനവിന്റെ ക്രെഡിറ്റ് നേടാൻ ശ്രമിക്കുന്നതിനിടെ, സി.ഐ.ടി.യു. അനുകൂല ആശാ പ്രവർത്തകർ ഇന്ന് (ഒക്ടോബർ 31) രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ ആഹ്ലാദപ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിയ സമരസമിതി പ്രവർത്തകർ നാളെ (നവംബർ 1) വിജയദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അവകാശങ്ങൾക്കായി സമരം ചെയ്ത തങ്ങളെ അവഗണിച്ചവർക്കെതിരെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകൾ കയറിയുള്ള പ്രചാരണ ക്യാമ്പയിൻ നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ഇടതുമുന്നണിക്കെതിരെ പരസ്യ പ്രചാരണം നടത്തുമെന്ന മുന്നറിയിപ്പ്, സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും.

Related Stories

No stories found.
Times Kerala
timeskerala.com