
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള മഹീന്ദ്ര & മഹീന്ദ്രയും ഇറാം ടെക്‌നോളജീസുമായി സഹകരിച്ച്, 'നാരിചക്ര' പ്രോഗ്രാമിന് തുടക്കം കുറിച്ചു. സ്ത്രീകളുടെ പങ്കാളിത്തം പൊതുവിൽ കുറവുള്ള വാഹന വിപണന മേഖലയിൽ സ്ത്രീകൾക്ക് പരിശീലനം നൽകിയ ശേഷം മഹീന്ദ്ര & മഹീന്ദ്ര യുടെ വാഹന വിപണന ഔട്ട്‌ലെറ്റുകളിൽ കസ്റ്റമർ സർവീസ് അഡ്വൈസറായും കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവായുമാണ് നിയമനം നൽകുക. കേരളത്തിൽ ഉടനീളം വിവിധ ഡീലർ ഔട്ട്‌ലെറ്റുകളിൽ ആയി നൂറോളം അവസരങ്ങൾ ഉണ്ട്.
ഓട്ടോമൊബൈൽ മേഖലയിൽ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യമുള്ള തൊഴിൽ അവസരങ്ങൾ മുന്നിൽ കണ്ട് ഈ രംഗത്തേക്ക് സ്ത്രീകൾക്കും തുല്യ അവസരം നൽകി അതുവഴി സ്ഥിര വരുമാനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 18 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളായ സ്ത്രീകൾക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവായും അതേ പ്രായപരിധിയിൽ തന്നെയുള്ള മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഓട്ടോമൊബൈൽ മേഖലയിൽ ഡിപ്ലോമയുള്ളവർക്ക് സർവീസ് അഡ്വൈസറായും ജോലി നേടാം. മഹീന്ദ്ര & മഹീന്ദ്ര യുടെ ഡീലർ ഔട്ട്‌ലെറ്റുകളിൽ ഓൺ-ദി-ജോബ് ട്രെയിനിംഗ് നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 15,000 രൂപ മുതൽ ശമ്പളവും, ഇൻസെന്റീവുകളും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അസാപ് കുന്നംകുളം സ്‌കിൽ പാർക്കിൽ വച്ചാണ് 2 മാസത്തെ പരിശീലനം. 6000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://asapkerala.gov.in/nareechakra/, 9495999788, 9495999790.