തദ്ദേശ തിരഞ്ഞെടുപ്പ്:എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം | Election

ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും
election
Published on

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണർ പറഞ്ഞു. (Election)

തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷൻ വിലയിരുത്തി. ഇത്‌ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂർവ്വമാക്കാൻ എല്ലാവരുടെയും സഹകരിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.

ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ) റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണ്ണമായും വിലക്കുന്നു.

പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘AI Generated’/ 'Digitally Enhanced'/ ‘Synthetic Content’ എന്നീ വ്യക്തമായ ലേബലുകൾ ഉൾക്കൊള്ളണം. വീഡിയോയിൽ സ്ക്രീനിന് മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂർണ്ണമായും നിരോധിച്ചു. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പ് നൽകണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിർമ്മാതാവിന്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com