

തിരുവനന്തപുരം: മലയാള സിനിമയിലെ സാങ്കേതിക വിസ്മയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യ 3D ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഉൾപ്പെടെ നൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.
'മൈ ഡിയർ കുട്ടിച്ചാത്തൻ' സിനിമയിലെ 'ആലിപ്പഴം പെറുക്കാം' എന്ന ഗാനരംഗത്തിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കറങ്ങുന്ന മുറി (Gravity-defying room) രൂപകൽപ്പന ചെയ്തത് കെ. ശേഖറായിരുന്നു. അക്കാലത്ത് യാതൊരുവിധ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും സഹായമില്ലാതെ അദ്ദേഹം ഒരുക്കിയ ഈ ദൃശ്യവിസ്മയം ഇന്നും സിനിമാലോകത്തെ വിസ്മയമാണ്.
കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ശേഖർ സിനിമാ രംഗത്തേക്ക് എത്തിയത്. 1982-ൽ നവോദയ നിർമ്മിച്ച 'പടയോട്ടം' എന്ന ചിത്രത്തിൽ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനറായാണ് തുടക്കം. തുടർന്ന്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളും ചെയ്തു.
പൂച്ചയ്ക്കൊരു മൂക്കുത്തി തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. തെന്നിന്ത്യൻ സിനിമയിലെ തന്നെ മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. പ്രമുഖ ചലച്ചിത്ര പ്രവർത്തകർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.