തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ശക്തമായി പിന്തുണച്ചു. പോലീസ് ചെയ്തത് ശരിയായ നടപടിയാണെന്നും ഇത്തരം ആളുകൾ സമൂഹത്തിന് ശാപമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "ഇത്തരം വൃത്തികെട്ട പ്രസ്താവനകളുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സൽപേര് കളയുന്നത് ഇങ്ങനെയുള്ളവരാണ്." ഇയാളെ അറസ്റ്റ് ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും നടപടി നല്ലതാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.(Arresting Rahul Easwar was the right move, says K Muraleedharan)
ഇത്തരക്കാരുമായി കോൺഗ്രസിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ.ഡി. നോട്ടീസ് അയച്ചതിലും മുരളീധരൻ പ്രതികരണം അറിയിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യമന്ത്രിയേയും സർക്കാരിനേയും കൊണ്ട് ബി.ജെ.പി. അനുകൂല നിലപാട് എടുപ്പിക്കാനാണ് ഇത്തരം സമ്മർദങ്ങളെന്നാണ് മുരളീധരൻ ആരോപിക്കുന്നത്.
"മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കുള്ള ഇ.ഡി. ഭീഷണി ഏതായാലും കേരളത്തിലെ മുഖ്യമന്ത്രിക്കില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള നോട്ടീസ് അയച്ച് പേടിപ്പിക്കും, പിന്നെ അത് കെട്ടുപോകും എന്നതാണ് അനുഭവം." ഇതെല്ലാം മറച്ചുവെക്കാനാണ് ചിലർ രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തെയും മുരളീധരൻ പരിഹസിച്ചു. "കോർപ്പറേഷൻ വികസനരേഖ അവതരിപ്പിക്കലാണോ പ്രധാനമന്ത്രിയുടെ ജോലി? അദ്ദേഹത്തിന് മറ്റ് ധാരാളം പണി കാണില്ലേ?" കോർപ്പറേഷനിൽ ബി.ജെ.പി. മുഖ്യപ്രതിപക്ഷം പോലും ആകാൻ പോകുന്നില്ല. അതിനാൽ ഈ പ്രശ്‌നങ്ങളൊന്നും ഉദിക്കുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.