തിരുവനന്തപുരം: നെയ്യാറ്റിൻകര തീരദേശ മേഖലയിൽ മത്സ്യം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ചന്തകളിൽ നിന്ന് വാങ്ങിയ ചെമ്പല്ലി ഇനത്തിൽപ്പെട്ട മീൻ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.(Around 35 people are undergoing treatment after eating fish due to Food poisoning in Trivandrum)
കുട്ടികളുൾപ്പെടെയുള്ളവർക്കാണ് ഇന്നലെ രാത്രിയോടുകൂടി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകദേശം 35 പേരെ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കാരക്കോണം മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഇവരെ മാറ്റിയത്.
ഇതിൽ കുറച്ചുപേരെ തീവ്രത കണക്കിലെടുത്ത് അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എങ്കിലും, ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താനായി ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു. ഈ മേഖലയിൽ നിന്ന് മീനിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിഷബാധയുടെ ഉറവിടം അടക്കമുള്ള കാര്യങ്ങളിൽ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരണം ലഭിക്കുകയുള്ളൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.