തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ സി.പി.ഐ.ക്ക് തിരുവനന്തപുരം ജില്ലയിലും തിരിച്ചടി. മുൻ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ജില്ലയിൽ നിന്ന് നൂറോളം പേർ സി.പി.ഐ. വിട്ടു. ആര്യനാട്, മീനാങ്കൽ ബ്രാഞ്ചുകളിൽ നിന്നാണ് കൂട്ടരാജി.(Around 100 people resigned from the CPI in Thiruvananthapuram)
മീനാങ്കൽ എ, ബി ബ്രാഞ്ചുകളിൽ അംഗങ്ങളായ 40-ഓളം പേർ, പ്രദേശത്തെ എ.ഐ.ടി.യു.സി. ചുമട്ടുതൊഴിലാളി യൂണിയനിൽപ്പെട്ട 30-ഓളം പേർ, എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്., മഹിളാ ഫെഡറേഷൻ തുടങ്ങിയ പോഷക സംഘടനകളിൽ നിന്നും ഉള്ളവർ എന്നിവരാണ് രാജി നൽകുന്നത്.
സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് മീനാങ്കൽ കുമാറിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ പ്രദേശത്തുനിന്ന് മാത്രം ഇത്രയധികം പേർ പാർട്ടി വിട്ടത്.
കൊല്ലത്ത് 700-ൽ അധികം പേർ പാർട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. കൊല്ലത്തെ കൂട്ടരാജിയിൽ അടിയന്തരമായി ഇടപെടാൻ സംസ്ഥാന നേതൃത്വം നീക്കം ആരംഭിച്ചിട്ടുണ്ട്. രാജി വെച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് സി.പി.ഐ. കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേരും.