അരൂർ - തുറവൂർ ഉയരപ്പാത അപകടം: രാജേഷിൻ്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; നഷ്ട പരിഹാരത്തിൽ ഉറപ്പ് വേണമെന്ന് ആവശ്യം | Girder accident

സർക്കാരിൽ നിന്ന് ആരും ഇതുവരെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.
അരൂർ - തുറവൂർ ഉയരപ്പാത അപകടം: രാജേഷിൻ്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; നഷ്ട പരിഹാരത്തിൽ ഉറപ്പ് വേണമെന്ന് ആവശ്യം | Girder accident
Published on

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക് അപ് വാൻ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. അപകടത്തിൽ കൃത്യമായ തീരുമാനം ഉണ്ടാകണമെന്നും, നാളെ മറ്റൊരാൾക്ക് ഈ ദുരവസ്ഥ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ട് സുഹൃത്ത് രംഗത്തെത്തി. മതിയായ നഷ്ടപരിഹാരത്തിൻ്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.(Aroor Girder accident, Rajesh's family will not accept his body until assurance on compensation is made)

കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മരിച്ച രാജേഷ്. ഭാര്യ ശൈലജ, ഡിഗ്രി വിദ്യാർത്ഥിയായ മൂത്ത മകൻ ജിഷ്ണു രാജ്, പ്ലസ് വണിന് പഠിക്കുന്ന ഇളയ മകൾ കൃഷ്ണവേണി എന്നിവരടങ്ങുന്നതാണ് കുടുംബം. കൂടാതെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്.

ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആയതിനാൽ ചികിത്സയ്ക്ക് വലിയ തുക ആവശ്യമുണ്ട്. കുടുംബത്തിന്റെ ഈ സാഹചര്യം കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. അപകടം നടന്നിട്ടും സർക്കാരിൽ നിന്ന് ആരും ഇതുവരെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.

അരൂരിലെ ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്നമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ നിർമ്മാണ മേഖലകളിൽ മുൻകരുതൽ ഉറപ്പാക്കണം. വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മുട്ട കൊണ്ടുപോവുകയായിരുന്ന പിക്കപ് വാനിന് മുകളിലേക്ക് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ രണ്ട് ഗർഡറുകൾ വീഴുകയായിരുന്നു. ഇതിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com