കൊച്ചി: ആലപ്പുഴ അരൂരിൽ ഗർഡർ തകർന്ന് ഡ്രൈവർ മരിച്ച സംഭവത്തെ തുടർന്ന് ദേശീയപാതാ അതോറിറ്റി നിർമ്മാണ മേഖലയിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി. പ്രമുഖ കൺസൾട്ടൻസി കമ്പനിയായ റൈറ്റ്‌സ് ലിമിറ്റഡിനെയാണ് ഓഡിറ്റ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.(Aroor girder accident, National Highways Authority orders urgent safety audit)
നിർമ്മാണ കമ്പനി ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഓഡിറ്റ് സംഘം പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയാൽ, നിലവിലെ കരാർ കമ്പനിയെ നിർമ്മാണ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്.
അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ചന്തിരൂർ ഭാഗത്താണ് ദാരുണമായ അപകടം നടന്നത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ രാജേഷ് (48) മരിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കി ആലപ്പുഴയിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു അപകടം. വാഹനത്തിന് മുകളിലേക്ക് ഒരു ഗർഡർ പൂർണ്ണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്.
അപകടത്തെ തുടർന്ന്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയോട് ശശി തരൂർ എംപി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എംപിയുടെ പ്രധാന ആവശ്യങ്ങൾ സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ സുരക്ഷാ ഓഡിറ്റ് നടത്തുക, ദേശീയപാതാ അതോറിറ്റിക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കുക, മരിച്ച രാജേഷിൻ്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, അപകട സാധ്യതയുള്ള നിർമ്മാണ ജോലികൾ ചെയ്യുന്ന സമയത്തിനും ക്രമം ഏർപ്പെടുത്തുക എന്നിവ ആയിരുന്നു.