ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പറഞ്ഞ് കരാർ കമ്പനി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. കമ്പനിയുടെ ഹൈവേ കരാർ ജീവനക്കാരൻ സിബിൻ, മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു.(Aroor Girder accident, Contract company says it will transfer money immediately after receiving account details)
അപകടം മനപ്പൂർവ്വമല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം വലുതാണെന്നും കരാർ കമ്പനി ജീവനക്കാരൻ സിബിൻ പ്രതികരിച്ചു. "കുടുംബത്തിൽ ഉണ്ടായ നഷ്ടം എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് ശ്രമം. ഭാര്യയുടെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ ഉടൻതന്നെ പണം കൈമാറും," സിബിൻ വ്യക്തമാക്കി. സാധാരണയായി റോഡ് അടച്ചിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്തിരൂരിൽ പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്നും മുട്ട കയറ്റി എറണാകുളത്ത് ലോഡിറക്കി ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് രണ്ട് ഗർഡറുകൾ പതിച്ചത്. ഒന്ന് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായുമാണ് വാഹനത്തിൽ വീണത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച രാജേഷ് വാഹനത്തിന്റെ സ്ഥിരം ഡ്രൈവർ ആയിരുന്നില്ല. സ്ഥിരമായി ഓടിക്കുന്ന ഡ്രൈവർ ഇല്ലാതിരുന്നതിനെ തുടർന്ന് വിളിച്ചപ്പോൾ വാഹനം ഓടിക്കാൻ വന്നതായിരുന്നു രാജേഷ്. രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് (PWD) സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂടാതെ, കളക്ടർ അലക്സ് വർഗീസ് അശോക ബിൽഡ്കോൺ കമ്പനിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ അറിയിച്ചു.