അരൂർ - തുറവൂർ ഉയരപ്പാത അപകടം: കരാർ കമ്പനിക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു; നഷ്ട പരിഹാരത്തിൽ ഉറപ്പ് വേണമെന്ന് കുടുംബം | Girder accident

ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് ഗർഡറുകൾ ഉയർത്തുന്നതിനിടെ നിലം പതിക്കുകയായിരുന്നു
Aroor Girder accident, case filed against contract company
Published on

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡറുകൾ പതിച്ചുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. നരഹത്യാ കുറ്റം ചുമത്തിയാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹരിപ്പാട് സ്വദേശിയും പിക്കപ്പ് വാൻ ഡ്രൈവറുമായ രാജേഷ് ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ രണ്ടരയ്ക്കാണ് അപകടം നടന്നത്.(Aroor Girder accident, case filed against contract company)

ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് ഗർഡറുകൾ ഉയർത്തുന്നതിനിടെ നിലം പതിക്കുകയായിരുന്നു. 100 ടൺ വീതം ഭാരമുള്ള ഗർഡറുകളാണ് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന രാജേഷിൻ്റെ പിക് അപ്പ് വാനിന് മുകളിലേക്ക് വീണത്. വാഹനം പൂർണ്ണമായി തകർന്നു. ഡ്രൈവർ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

ഹൈഡ്രോളിക് ജാക്കിൻ്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് കരാർ കമ്പനിയായ അശോക ബിൽഡ് കോൺ വിശദീകരണം നൽകി. അപകടത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഭവത്തിൽ റിപ്പോർട്ട് തേടി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കി. നഷ്ടപരിഹാര കാര്യത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് രാജേഷിന്റെ കുടുംബം. ദേശീയപാത അതോറിറ്റിയിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ ആരും ഇതുവരെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവർ ആരോപിച്ചു. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന രാജേഷിൻ്റെ മരണത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com