
കോഴിക്കോട്: ദുരന്തമുഖത്ത് ഇത്രയും അനിശ്ചിതത്വം നിറഞ്ഞ ഒരു തിരച്ചില്‍ അടുത്തസമയതെന്നും രാജ്യം കണ്ടിട്ടുണ്ടാവില്ല. പ്രകൃതിയുടെ കനത്ത പ്രതികൂലാവസ്ഥകളോട് പോരാടുക എന്നതു മാത്രമല്ല, ഇത്രയും ആഴത്തില്‍ പതിച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്ത് അതിനടിയില്‍ എവിടെയോ ഉണ്ടാകാനിടയുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിച്ചേരുക എന്ന പ്രായോഗിക പ്രതിസന്ധികൂടിയാണ് ഷിരൂരിൽ രക്ഷാസംഘത്തിന് മറികടക്കാനുണ്ടായിരുന്നത്. അവസാനം ലോറിയും അര്‍ജുന്റെ ശരീരവും കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റല്‍ ആഴത്തില്‍നിന്നായിരുന്നു. ഏറെക്കുറെ അസാധ്യമെന്നുതന്നെ ചിന്ധിച്ചിടത്തുനിന്ന് നിശ്ചയദാര്‍ഢ്യത്തിന്റെയും തളരാത്ത ശുഭാപ്തിവിശ്വാസത്തിന്റെയും പിന്‍ബലത്തിലാണ് അര്‍ജുനിലേക്ക് തിരച്ചില്‍ സംഘം എത്തിച്ചേർന്നത്.
രണ്ടുമാസത്തിലേറെ നീണ്ട ഏറ്റവും ശ്രമകരമായ തിരച്ചിലുകൾക്ക് ശേഷമാണ് കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കാണാതായ അർജുന്റെ ലോറി കണ്ടെത്താനായത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധന, ഡ്രോൺ പരിശോധന, നേവിയും സ്കൂബാ ഡൈവേഴ്സും ഈശ്വർ മാൽപെ ഉൾപ്പടെയുള്ള മുങ്ങൾ വിദഗ്ധരും കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിൽ എന്നിങ്ങനെ നിരവധി ഘട്ടങ്ങൾക്കൊടുവിലാണ് അർജുന്‍റെ ലോറിയിലേക്ക് അന്വേഷണം എത്തിച്ചേർന്നത്.