വീണ്ടും കരുത്ത് തെളിയിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

വീണ്ടും കരുത്ത് തെളിയിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്
Published on

കിരീടം നിലനിർത്താൻ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്സിൻ്റെ വരവ്. കഴിഞ്ഞ സീസണിൽ ടീമിൻ്റെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കു വച്ച താരങ്ങളെയെല്ലാം നിലനിർത്തി. ഒപ്പം ലേലത്തിലൂടെ കൂടുതൽ കരുത്തരായ താരങ്ങളെ സ്വന്തമാക്കുകയും ചെയ്തു. ഏതൊരു ടീമും മോഹിക്കുന്നൊരു ബാറ്റിങ് ബൌളിങ് നിരയാണ് രണ്ടാം സീസണിൽ കൊല്ലം സെയിലേഴ്സിൻ്റേത്. കഴിഞ്ഞ സീസണിലെപ്പോലെ സച്ചിൻ ബേബി തന്നെയാണ് ക്യാപ്റ്റൻ.

കഴിഞ്ഞ തവണ ടീമിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച അഞ്ച് താരങ്ങളിൽ ഒരാൾ ഒഴികെ എല്ലാവരും ഇത്തവണയും ടീമിനൊപ്പം തന്നെയുണ്ട്. രണ്ട് സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും അടക്കം 528 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയായിരുന്നു കഴിഞ്ഞ സീസണിലെ ടീമിൻ്റെ ടോപ് സ്കോറർ. അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദുമായിരുന്നു റൺവേട്ടയിൽ സച്ചിന് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. മൂവരും ഇത്തവണയും ടീമിനൊപ്പമുള്ളതിനാൽ അടിസ്ഥാന ബാറ്റിങ് നിരയിൽ വലിയ മാറ്റങ്ങളില്ല. ഇവർക്കൊപ്പം വിഷ്ണു വിനോദിനെയും എം എസ് അഖിലിനെയും കൂടി ടീമിലെത്തിച്ചതോടെ ബാറ്റിങ് കൂടുതൽ കരുത്തുറ്റതായി. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു വിഷ്ണു വിനോദ്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും അടക്കം 438 റൺസായിരുന്നു വിഷ്ണു വിനോദ് അടിച്ചു കൂട്ടിയത്. രാഹുൽ ശർമ്മയും ഭരത് സൂര്യയും ഷറഫുദ്ദീനുമടക്കം ബാറ്റിങ്ങിൽ തിളങ്ങുന്ന താരങ്ങൾ ഇനിയുമുണ്ട് കൊല്ലം നിരയിൽ.

ബൌളിങ്ങിലും കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെല്ലാം ഇത്തവണയുമുണ്ട്. 19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു കഴിഞ്ഞ സീസണിൽ ടീമിൻ്റെ പ്രധാന വിക്കറ്റു വേട്ടക്കാർ. ഇവർ ഇരുവരും തന്നെയായിരിക്കും ഇത്തവണയും ബൌളിങ് നിരയെ നയിക്കുക. പവൻരാജ്, വിജയ് വിശ്വനാഥ് എന്നിവരെ ലേലത്തിലൂടെ വീണ്ടും സ്വന്തമാക്കിയപ്പോൾ ഏദൻ ആപ്പിൾ ടോം ജോസ് പെരയിൽ തുടങ്ങിയവരെ പുതുതായി ടീമിലെത്തിക്കാനുമായി. ഷറഫുദ്ദീനും എം എസ് അഖിലുമാണ് ടീമിൻ്റെ ഓൾ റൌണ്ട് കരുത്ത്. ഇതിനൊപ്പം അമൽജിത് അനു, സച്ചിൻ പി എസ്, അജയ്ഘോഷ് തുടങ്ങിയ താരങ്ങളും ഇത്തവണ ടീമിനൊപ്പമുണ്ട്.

മോനിഷ് സതീഷാണ് ഈ സീസണിൽ ടീമിൻ്റെ പരിശീലകൻ. നിഖിലേഷ് സുരേന്ദ്രനാണ് അസിസ്റ്റൻ്റ് കോച്ച്. മാനേജറായി അജീഷും വീഡിയോ അനലിസ്റ്റായി ആരോൺ ജോർജ് തോമസും ടീമിനൊപ്പമുണ്ട്.

ടീം അംഗങ്ങൾ. സച്ചിൻ ബേബി, എൻ എം ഷറഫുദ്ദീൻ, വിഷ്ണു വിനോദ്, വത്സൽ ഗോവിന്ദ്, അഭിഷേക് ജെ നായർ, അഖിൽ എം എസ്, ബിജു നാരായണൻ, വിജയ് വിശ്വനാഥ്,രാഹുൽ ശർമ്മ, അതുൽജിത് അനു, അമൽ എ ജി, ആഷിക് മുഹമ്മദ്, സച്ചിൻ പി എസ്, അജയ്ഘോഷ് എൻ എസ്, പവൻ രാജ്, ജോസ് പെരയിൽ, ഏദൻ ആപ്പിൾ ടോം, ഭരത് സൂര്യ.

Related Stories

No stories found.
Times Kerala
timeskerala.com