പത്തനംതിട്ട : പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിൻ്റെ വിരോധത്തിൽ വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. മുണ്ടപ്പള്ളി സ്വദേശികളായ ആനന്ദ് (21), എം.ജി. അജിത്ത് (36), അശ്വിൻദേവ് (26) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
ഓഗസ്റ്റ് 14-ന് വൈകുന്നേരമാണ് സംഭവം നടന്നത്. അടൂർ പെരിങ്ങനാട് സ്വദേശി ഗിരീഷിനെയും മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കുമാണ് ആക്രമണത്തിൽ മർദ്ദനമേറ്റത്. ഉച്ചത്തിൽ പാട്ടുവെച്ചത് ഗിരീഷ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
ഗിരീഷിന്റെ വലതുകൈയിൽ ആനന്ദ് ചൂരൽ വടികൊണ്ട് അടിച്ചു. ഇത് തടയാൻ ശ്രമിച്ച അമ്മ ഗീതയെ അജിത്ത് പിവിസി പൈപ്പ് ഉപയോഗിച്ച് തലയുടെ ഇടതുഭാഗത്ത് അടിച്ച് മുറിവേൽപ്പിച്ചു. അച്ഛൻ രാജനെയും പ്രതികൾ കൂട്ടംചേർന്ന് മർദ്ദിച്ചു.സംഭവത്തിന് ശേഷം ഗിരീഷ് നൽകിയ പരാതിയിൽ അടൂർ പൊലീസ് പ്രതികളെ പിടികൂടിയത്.