ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം ; മൂന്നുപേരെ കുത്തിവീഴ്ത്തിയ പ്രതി പിടിയിൽ | Crime

പേരാമംഗലം സ്വദേശി ബിനീഷ്, മകന്‍ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവര്‍ക്കായിരുന്നു കുത്തേറ്റത്.
crime
Updated on

തൃശൂർ: പേരാമംഗലത്ത് ബൈക്ക് യാത്രയ്ക്കിടെ ഹോൺ അടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനും മകനുമടക്കം മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മുണ്ടൂരിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായ കേച്ചേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ കിഷോറിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൈപ്പറമ്പ് ഗ്രൗണ്ടില്‍ നിന്ന് ബാഡ്മിന്റണ്‍ കളിച്ചതിനുശേഷം തിരിച്ചു വരികയായിരുന്നു അച്ഛനും മകനും സുഹൃത്തും ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് പ്രതി കൃഷ്ണ കിഷോര്‍ കുത്തിയത്. പേരാമംഗലം സ്വദേശി ബിനീഷ്, മകന്‍ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവര്‍ക്കായിരുന്നു കുത്തേറ്റത്.

മൂവരും രണ്ടു സ്‌കൂട്ടറുകളിലായി വീട്ടിലേക്ക് വരുന്നതിനിടെ പ്രതി വഴിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് നില്‍ക്കുകയായിരുന്നു. ഇതോടെ അഭിജിത്ത് ഹോണ്‍ മുഴക്കിയതാണ് തര്‍ക്കത്തിലേക്കും, കത്തിക്കുത്തിലേക്കും നയിച്ചത്. തൊട്ടു പുറകെ മറ്റൊരു സ്‌കൂട്ടറിലെത്തിയ അഭിജിത്തിന്റെ സുഹൃത്തായ ബിനീഷും മകന്‍ അഭിനവും തര്‍ക്കത്തില്‍ ഇടപെട്ടത്തോടെ പ്രതി കിഷോര്‍ കൃഷ്ണ പ്രകോപിതനായി മൂന്നുപേരെയും കുത്തുകയായിരുന്നു.

കത്തിക്കുത്തിനുശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് കാറിൽ വാളയാർ ചെക്ക് പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.പേരാമംഗലം പൊലിസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു എന്ന് മനസ്സിലാക്കിയ കൃഷ്ണ കിഷോർ, ഒടുവിൽ സ്വമേധയാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.പരിക്കേറ്റ മൂന്നുപേർക്കും സാരമായ പരിക്കുകളുണ്ട്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com