തൃശൂർ: തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെ ഹോണടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അച്ഛനും മകനും സുഹൃത്തും ആശുപത്രിയിൽ ചികിത്സയിലാണ്.(Argument over honking, 3 people, including father and son, stabbed in Thrissur)
ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. ബാഡ്മിന്റൺ കളിച്ചു മടങ്ങുകയായിരുന്ന ബിനീഷും അഭിനവും അഭിജിത്തും രണ്ട് ബൈക്കുകളിലായാണ് യാത്ര ചെയ്തിരുന്നത്. അക്രമി കേച്ചേരി സ്വദേശിയായ കൃഷ്ണ കിഷോർ, മുണ്ടൂരിലെ ഒരു പച്ചക്കറിക്കടയിലെ ജീവനക്കാരനാണ്.
അഭിനവ് ഓടിച്ച ബൈക്ക് ഹോണടിച്ചതിനെത്തുടർന്നാണ് കൃഷ്ണ കിഷോർ പ്രകോപിതനായത്. തുടർന്ന് ബൈക്ക് തടഞ്ഞുനിർത്തി തർക്കത്തിലേർപ്പെടുകയും കത്തി ഉപയോഗിച്ച് മൂന്നുപേരെയും കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം കൃഷ്ണ കിഷോർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്. അക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.