കൊച്ചി: അർജന്‍റനീയൻ ടീമിന്‍റെ പിന്മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ സ്പോൺസർമാർ വിശദീകരണം നൽകണമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മെസ്സിയുടേയും സംഘത്തിന്‍റെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്പോൺസർമാരാണെന്നാണ് കായിക വകുപ്പിന്റെ വിശദീകരണം. ജനുവരിയിൽ പണം നൽകാമെന്നായിരുന്നു സ്പോൺസർമാരുടെ വാഗ്ദാനം. എന്നാൽ നിശ്ചിത സമയത്തും സ്പോൺസർമാർ തുക നൽകിയില്ലെന്ന് കായിക വകുപ്പ് വ്യക്തമാക്കി. 300 കോടിയിലധികം രൂപയാണ് മെസ്സിയുടേയും സംഘത്തിന്‍റെയും വരവിന് സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.
നേരത്തെ കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച മെസ്സിയും സംഘവും ഒക്ടോബറിൽ ചെനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്. ഒക്ടോബറിൽ അർജന്റീന ടീം ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നതെന്നും അർജന്‍റീനിയൻ മാധ്യമമായ ടിവൈസി സ്‌പോർട്സ് റിപ്പോർട്ട് ചെയ്തു.
ഒക്ടോബറിൽ അർജന്‍റീന ദേശീയ ഫുട്‌ബോൾ ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചിരുന്നു. ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ സ്‌പോൺസർഷിപ്പിൽ അർജന്റീനയുടെ വരവ് മുടങ്ങിയതോടെ പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി. അബ്ദുറഹ്‌മാനും സർക്കാരും വെട്ടിലായിരിക്കുകയാണ്.