
അർജൻറീന ഫുട്‌ബോൾ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും. കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. ഫാൻ മീറ്റ് നടത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തു. പാർക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ ക്രമീകരണങ്ങൾ ഏർപ്പാടാക്കും.
വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തിൽ പ്രവർത്തിക്കും. ജില്ലാതലത്തിൽ ജില്ലാ കളക്ടർക്കാരിയിരിക്കും ഏകോപന ചുമതല.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും ബന്ധപ്പെട്ടവരും പങ്കെടുത്തു.