
ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് പാമ്പാക്കുട ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന അരീക്കൽ ഫെസ്റ്റിന് ഇന്ന് (സെപ്റ്റംബർ 3) തുടക്കമാവും.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ടം കേന്ദ്രമാക്കിയാണ് അഞ്ചുദിവസത്തെ പ്രാദേശിക ഉത്സവമായ അരീക്കൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30-ന് പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷനാകും.
തുടർന്ന് അരീക്കലിലെ വൈദ്യുത ദീപാലങ്കാരങ്ങൾ എം.എൽ.എ. സ്വിച്ച് ഓൺ ചെയ്യും. അരീക്കൽ മൈതാനിയിൽ വൈകുന്നേരം ഏഴിന് ആലപ്പുഴ ബ്ലൂഡയമണ്ടിന്റെ ഗാനമേള അരങ്ങേറും.
സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ അരീക്കൽ ബോയ്സിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറും. സെപ്റ്റംബർ ആറിന് നടക്കുന്ന മെഗാ തിരുവാതിരകളി തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.സി. ജ്യോതി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാദാസ് വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. മുന്നൂറോളം പേർ തിരുവാതിരകളിയിൽ പങ്കാളികളാകും.
സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ് ശ്രീകാന്ത് നന്ദനൻ അധ്യക്ഷനാകും. തുടർന്ന് ദക്ഷ ടീമിന്റെ നാടൻപാട്ട് അരങ്ങേറും.