പത്തനംതിട്ട : ആറന്മുള ക്ഷേത്രത്തിലെ ആചാര ലംഘന വിവാദത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരിൽ നിന്നാണ് ബോർഡ് വിശദീകരണം തേടിയിരിക്കുന്നത്. ക്ഷേത്രം തന്ത്രി പറഞ്ഞത് അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനം രേഖാമൂലം ചൂണ്ടിക്കാട്ടിയത് ഉദ്യോഗസ്ഥരാണ് എന്നാണ്. (Aranmula Valla sadhya controversy )
ആറന്മുള ക്ഷേത്രത്തിലെ ആചാര ലംഘന വിവാദത്തിൽ പ്രതികരിച്ച് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് രംഗത്തെത്തിയിരുന്നു. എല്ലാം കത്തിലൂടെ അറിയിച്ചത് ദേവസ്വം ബോർഡാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അറിഞ്ഞാൽ ഇടപെടേണ്ടത് തൻ്റെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവന് നേദിക്കും മുന്‍പ് , അഷ്ടമി രോഹിണി വള്ളസദ്യ ദേവസ്വം മന്ത്രിക്ക് വിളമ്പിയെന്നാണ് ആക്ഷേപം. ഔദ്യോഗികമായി ആദ്യം നൽകിയ കത്തിൽ സമയത്തെ കുറിച്ച് വ്യക്തത ഇല്ലായിരുന്നുവെന്നും, തേവര്‍ക്ക് വേണ്ടിയുള്ള വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കുക എന്നത് തന്ത്രിയുടെ ഉത്തരവാദിത്തമാണ് എന്നും തന്ത്രി ചൂണ്ടിക്കാട്ടി.