
കൊല്ലം: സുരേഷ് ഗോപിയുടെ സഹോദരനല്ല, ഇന്ത്യയിൽ ആര് രണ്ട് തെരഞ്ഞെടുപ്പ് കാർഡ് ഉപയോഗിച്ചാലും ക്രിമിനൽ കുറ്റമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വിവാദങ്ങളിൽ സുരേഷ് ഗോപി പ്രതികരിക്കാത്തത് ശരിയല്ല. എന്ത് ചോദിച്ചാലും ഞാനൊന്നും മിണ്ടില്ല എന്ന് പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.
"തൃശൂരിലെ വോട്ടിങ് ക്രമക്കേടിനെക്കുറിച്ച് സൂക്ഷ്മ തലത്തിൽ അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കർശനമായ നടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇത്തരം ക്രമക്കേടുകള്‍ ഗൗരവമായി പരിശോധിക്കപ്പടേണ്ടത് അത്യാവശ്യമാണ്." - മന്ത്രി പറഞ്ഞു.
തൃശൂരിലെ വോട്ടുകൊള്ളയ്ക്കായി ഇരട്ടവോട്ടർ ഐഡിയും വ്യാപകമായി ഉപയോഗിച്ചതായുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. വ്യാജ വോട്ടർമാരിൽ പലർക്കും ഇരട്ട ഐ ഡി കാർഡുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ സഹോദരനും കുടുംബത്തിനും ഇരട്ട ഐഡി കാർഡുകളുണ്ട്. നിരവധി ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇത്തരത്തിൽ ഇരട്ട ഐഡികളുണ്ട്. ഇരട്ട ഐഡികളിൽ സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും ഉൾപ്പെടെ പേരുകളിലും മാറ്റങ്ങളുണ്ട്.