ബിഗ് ബോസ് സീസണ്‍ 7 കിരീടം സ്വന്തമാക്കി അനുമോള്‍, വിജയിക്കുന്ന രണ്ടാമത്തെ വനിത; അനീഷ് റണ്ണര്‍ അപ്പ് | Bigg Boss Grand Finale

ഷാനവാസിന് മൂന്നാം സ്ഥാനം, നെവിനും, അക്ബറും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി
Anumole
Published on

ബിഗ് ബോസ് മലയാളം സീസണ്‍ 7 കിരീടം സ്വന്തമാക്കി അനുമോള്‍. 44,75,210 രൂപ സമ്മാനത്തുകയും, ട്രോഫിയും അനുമോൾക്ക് ലഭിച്ചു. അനീഷാണ് റണ്ണര്‍ അപ്പ്. ഷാനവാസ് മൂന്നാം സ്ഥാനവും, നെവിന്‍ നാലാം സ്ഥാനവും, അക്ബര്‍ അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

ശക്തമായ ടാസ്‌കുകളും, വൈകാരിക നിമിഷങ്ങളും അതിജീവിച്ചാണ് മത്സരാര്‍ത്ഥികള്‍ മുന്നേറിയത്. അനുമോളും, ഫൈനലിസ്റ്റുകളും കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചാണ് 100 ദിവസവും പിടിച്ചുനിന്നത്. പിആർ ക്യാമ്പയിൻ സംബന്ധിച്ച് ആരോപണങ്ങൾ നേരിട്ടെങ്കിലും പ്രേക്ഷകരുടെ വോട്ടുകൾ അനുമോൾക്ക് അനുകൂലമായി ലഭിച്ചു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ജേതാവാണ് അനുമോള്‍. നാലാം സീസണില്‍ വിജയിച്ച ദില്‍ഷ പ്രസന്നനാണ് ആദ്യ വനിതാ ജേതാവ്.

‘ഏഴിന്റെ പണി’ എന്ന ടാഗ്ലൈനോട് നീതി പുലര്‍ത്തുന്നതായിരുന്നു ഇത്തവണത്തെ സീസണ്‍. ഓഗസ്റ്റ് 3-ന് 20 മത്സരാർത്ഥികളുമായാണ് സീസണ്‍ ആരംഭിച്ചത്. വൈൽഡ് കാർഡ് എൻട്രികൾ, മിഡ് വീക്ക് എവിക്ഷനുകൾ, ടാസ്‌കുകള്‍, ക്യാപ്റ്റന്‍സി-ജയില്‍ നോമിനേഷനുകള്‍, ഫാമിലി വിസിറ്റ്, ടിക്കറ്റ് ടു ഫിനാലെ പോരാട്ടങ്ങള്‍ എന്നിവ സീസണിന്റെ ഗതി നിര്‍ണയിച്ചു.

മികച്ച ഗെയിം സ്ട്രാറ്റജികൾ, വെല്ലുവിളികൾ അതിജീവിക്കുന്നതിനുള്ള മാനസിക കരുത്ത്‌ സ്ഥിരതയാർന്ന പ്രകടനം എന്നിവ ഫൈനലിസ്റ്റുകളെ മുന്നോട്ടു നയിച്ചു. നൂറ, ആദില, ആര്യന്‍, ബിന്നി, ജിസേല്‍, ഒനീല്‍, അഭിലാഷ്, റെന, ശൈത്യ, അപ്പാനി ശരത്ത്, രേണു സുധി, ശാരിക, സരിക, ബിന്‍സി, മുന്‍ഷി രഞ്ജിത്ത് എന്നിവരായിരുന്നു സീസണ്‍ ആരംഭിച്ചതു മുതല്‍ ഉണ്ടായിരുന്ന മറ്റ് മത്സരാര്‍ത്ഥികള്‍. സാബുമാന്‍, ലക്ഷ്മി, ജിഷിന്‍, പ്രവീണ്‍, മസ്താനി എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായെത്തി. ഇതില്‍ രേണു സുധി വാക്കൗട്ടാവുകയായിരുന്നു. ആദിലയും നൂറയും മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായി. മറ്റുള്ളവര്‍ ഓരോ വാരാന്ത്യത്തിലും നടന്ന എവിക്ഷനുകളിലൂടെ പുറത്തായി.

Related Stories

No stories found.
Times Kerala
timeskerala.com