
ബിഗ് ബോസ് സീസൺ ഏഴ് പത്താം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി നാലാഴ്ച മാത്രമാണ് ഫിനാലേയ്ക്കുള്ള സമയം. അതിനാൽ ഇനിയുള്ള നാളുകൾ ഏറെ സങ്കീർണതകൾ നിറഞ്ഞതാകും നിര്ണായകവുമാണ്. വളരെ നിർണായകമായ ടാസ്കുകളാകും മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മോണിംഗ് ടാസ്കിൽ അനുമോളും ബിന്നിയും തമ്മിലുണ്ടായ വാക്കു തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ബിഗ് ബോസ് ഷോയിൽ രണ്ട് തരത്തിലാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്. ഒന്ന്, വീടിനുള്ളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, പ്രേക്ഷക പിന്തുണയോടെ മുന്നോട്ട് പോകുന്ന ഒരു വിഭാഗം. മറ്റൊന്ന് പിആറിന്റെ ബലം കൊണ്ടുമാത്രം ബിബി വീട്ടിൽ നിലനിന്ന് പോകുന്നവർ. ഇതിൽ 'സ്വന്തമായ നിലയിൽ മുന്നോട്ട് പോകുന്ന ഒരാളെയും, പിആർ കൊണ്ട് മുന്നോട്ട് പോകുന്ന ഒരാളേയും ഓരോ മത്സരാർത്ഥികളും പറയുക' എന്നതായിരുന്നു മോണിംഗ് ടാസ്കായി മത്സരാർത്ഥികൾക്ക് ലഭിച്ചത്. ഇതിനു പിന്നാലെ ഓരോരുത്തരും പിആർ ഉള്ളവരുടെ പേരും ഇല്ലാത്തവരുടെ പേരും പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ പിആർ ഉണ്ടെന്ന വോട്ട് ലഭിച്ചത് അനുമോൾക്ക് ആണ്. പിആർ ഇല്ലെന്ന വോട്ട് കൂടുതൽ ലഭിച്ചത് നെവിനും. എന്നാൽ ബിന്നി പറഞ്ഞ കാര്യങ്ങൾ മത്സരാർത്ഥികളെ ഒന്നാകെ ഞെട്ടിച്ചു.
ഈ വീട്ടിൽ ഏറ്റവും കൂടുതൽ പിആർ ഉണ്ടെന്ന് കേട്ടിട്ടുള്ളത് അനുമോൾക്കാണെന്നും എന്നാൽ കേട്ടത് താൻ കളഞ്ഞുവെന്നും, ഒടുവിൽ അനുമോൾ തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ബിന്നി പറയുന്നത്. എത്ര ലക്ഷമാണ് പിആറിനായി കൊടുത്തതെന്നത് വരെ തന്നോട് അനുമോൾ പറഞ്ഞിട്ടുണ്ട് എന്നാണ് ബിന്നി പറയുന്നത്. 16 ലക്ഷം ആണ് അവർക്ക് കൊടുത്തതെന്നും ആ കോൺഫിഡൻസിലാണ് അനുമോൾ ഇവിടെ നിൽക്കുന്നതെന്നും അത് കാണുമ്പോൾ നമ്മളെന്തിനാ ഇവിടെ വന്നത്, നമ്മൾ കഷ്ടപ്പെടുന്നത് എന്തിനാണ് എന്നൊക്കെ തോന്നി പോകുന്നുവെന്നാണ് ബിന്നി പറയുന്നത്. അഡ്വാൻസായി 50000 രൂപ കൊടുത്തുവെന്നും ബാക്കി ഷോ കഴിഞ്ഞ് ചെല്ലുമ്പോൾ കൊടുക്കാമെന്നാണ് കരാറെന്നും ബിന്നി പറഞ്ഞു. അപ്പാനി ഔട്ടായി പോയ ശേഷമാണ് അനുമോൾ ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബിന്നി പറയുന്നു.
എന്നാലിത് അനുമോൾ നിഷേധിച്ചു. 'ആദിലയോടും നൂറയോടും പറയാത്ത കാര്യം താൻ ബിന്നിയോടു പറയുമോ?' എന്നും അനുമോൾ ചോദിച്ചു. താൻ ഒരിക്കലും ഇക്കാര്യം ബിന്നിയോട് പറഞ്ഞിട്ടില്ല. ഒന്നുകിൽ മറ്റ് ആരെങ്കിലും പറഞ്ഞതായിരിക്കും, എന്തിനാ കള്ളം പറയുന്നത് എന്നാണ് അനുമോൾ ചോദിക്കുന്നത്. എന്നാൽ. പിന്നീട് തനിക്ക് പി ആർ ഉണ്ടെന്ന് അനുമോൾ പറയുന്നുണ്ട്.