
സംസ്ഥാനത്ത് മികച്ച ചികിത്സയും തുടർ ചികിത്സയും ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നേതൃത്വത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നു. ഡിസംബർ 5ന് രാവിലെ 9.30ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ശിൽപശാല ഉദ്ഘാടനം ചെയ്യും. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12.5 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കേരളം ഇത് കൈവരിച്ചത് മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൊതുജനാരോഗ്യ വിദഗ്ധർ, മറ്റ് സംസ്ഥാനങ്ങളിലെ ഹെൽത്ത് ഏജൻസികളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
സംസ്ഥാനങ്ങൾ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിലൂടെയുള്ള അനുഭവം പങ്കിടലും വിദഗ്ധരായ അംഗങ്ങളുമായുള്ള പാനൽ ചർച്ചകളും ഉൾപ്പെടുത്തുന്ന തരത്തിലാണ് ശില്പശാല. പദ്ധതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും യൂണിവേഴ്‌സൽ ഹെൽത്ത് കവറേജിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താനും അവരെ പ്രാപ്തരാക്കുന്ന മികച്ച രീതികൾ ചർച്ച ചെയ്യാനും അനുഭവങ്ങൾ പങ്കിടാനും ഇത് സംസ്ഥാനങ്ങൾക്ക് അവസരം നൽകും.