ദുബായ്: മലയാളികളുടെ പ്രിയതാരം അനു സിത്താര യുഎഇയിൽ ആരംഭിച്ച തന്റെ നൃത്തവിദ്യാലയമായ 'കമലദളം' (Kamaladalam) പ്രവർത്തനമാരംഭിച്ചു. വിദ്യാലയത്തിലെ ഡാൻസ് ഫ്ലോറിൽ നിന്നുള്ള തന്റെ ആദ്യ നൃത്ത വീഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വൈറലായ 'കാക്കും വടിവേൽ' എന്ന തമിഴ് ഗാനത്തിനാണ് അനു മനോഹരമായി ചുവടുവെച്ചത്.
"ഞങ്ങളുടെ നൃത്തവിദ്യാലയത്തിലെ ആദ്യ ചുവടുകൾ മുരുകന്റെ അനുഗ്രഹത്തോടെ," എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ശ്രീലങ്കൻ തമിഴ് റാപ്പർ വാഹീസൻ റാസയ്യ ആലപിച്ച് നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന മുരുകൻ ട്രാക്കിനാണ് അനു സിത്താര നൃത്തം ചെയ്തത്.
മുരുകന്റെ വേലും കാവടിയുമെല്ലാം ഉപയോഗിച്ച് അതീവ സുന്ദരമായാണ് വീഡിയോ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'കമലദളം ബൈ അനു സിത്താര' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ജീവിതത്തിലെ വലിയൊരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു നൃത്തവിദ്യാലയം എന്നത്. കലാമണ്ഡലത്തിൽ നിന്ന് നൃത്തം അഭ്യസിച്ച അനു സിത്താരയ്ക്ക് കേരളത്തിലും നൃത്തവിദ്യാലയമുണ്ട്. ഇപ്പോൾ പ്രവാസികൾക്കായും തന്റെ കല പകർന്നുനൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.