തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 1990-ൽ നടന്ന ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കുറ്റമാണ് തെളിയിക്കപ്പെട്ടത്.
അടിവസ്ത്രം മുറിച്ച കേസ്: 1990 മുതൽ 2026 വരെയുള്ള നാൾവഴികൾ
മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച തൊണ്ടിമുതൽ തിരിമറിക്കേസിന്റെ പിന്നാമ്പുറം ഒരു സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണ്.
1. വിമാനത്താവളത്തിലെ അറസ്റ്റ് (1990)
1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലി 61 ഗ്രാം ഹാഷിഷുമായി പിടിയിലാകുന്നു. ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത് ഇയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിലായിരുന്നു. സെഷൻസ് കോടതി ഇയാൾക്ക് 10 വർഷം തടവ് വിധിച്ചു.
2. അടിവസ്ത്രം 'ചെറുതായ' മാജിക് (ഹൈക്കോടതി അപ്പീൽ)
സെഷൻസ് കോടതി വിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ വേളയിൽ അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലാർക്ക് ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിത്തയ്ച്ച് ചെറുതാക്കിയെന്നാണ് കേസ്. ഹൈക്കോടതിയിൽ ഈ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ നൽകിയപ്പോൾ അത് പാകമാകുന്നില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയും, സംശയത്തിന്റെ ആനുകൂല്യം നൽകി സാൽവദോറിനെ വിട്ടയക്കുകയും ചെയ്തു.
3. ഇന്റർപോൾ വഴി പുറത്തുവന്ന സത്യം
ശിക്ഷിക്കപ്പെടാതെ ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ സാൽവദോർ അവിടെ ഒരു കൊലക്കേസിൽ പ്രതിയായി ജയിലിലായി. ജയിലിനുള്ളിൽ വെച്ച് തന്റെ കേരളത്തിലെ 'രക്ഷപ്പെടൽ കഥ' സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം അറിഞ്ഞ ഓസ്‌ട്രേലിയൻ ഡിറ്റക്ടീവുകൾ വഴി ഇന്റർപോളും ഒടുവിൽ സി.ബി.ഐയും വിവരമറിഞ്ഞു. 1996-ലാണ് ഈ വിവരം കേരള പോലീസിന് ലഭിക്കുന്നത്.
4. നിയമപോരാട്ടത്തിന്റെ മൂന്ന് പതിറ്റാണ്ട്
1994: അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ജയമോഹൻ വിജിലൻസിന് പരാതി നൽകി.
2005: ടി.പി സെൻകുമാറിന്റെ ഉത്തരവിൽ പുനരന്വേഷണം.
2014: വിചാരണ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.
തടസ്സവാദങ്ങൾ: 22 തവണ കേസ് മാറ്റിവെച്ചു. കേസ് റദ്ദാക്കാൻ ആന്റണി രാജു സുപ്രീം കോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശമാണ് ഇപ്പോൾ വിധിയിലേക്ക് നയിച്ചത്.
പ്രധാന പ്രതികൾ:
ജോസ്: കോടതി ജീവനക്കാരൻ (ഒന്നാം പ്രതി)
ആന്റണി രാജു: അഭിഭാഷകൻ/എം.എൽ.എ (രണ്ടാം പ്രതി)