തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചു.
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ജനപ്രതിനിധികൾ ഏതെങ്കിലും കേസിൽ രണ്ട് വർഷമോ അതിലധികമോ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടാൽ ഉടനടി അയോഗ്യരാക്കപ്പെടുമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രകാരമാണ് ഈ നടപടി.
നിയമസഭാംഗത്വം നഷ്ടമായതിനൊപ്പം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ആന്റണി രാജുവിന് അയോഗ്യതയുണ്ടാകും. ശിക്ഷാ കാലാവധി പൂർത്തിയാക്കി ജയിലിൽ നിന്ന് മോചിതനാകുന്ന ദിവസം മുതൽ ആറ് വർഷത്തേക്കാണ് ഈ വിലക്ക് ബാധകമാകുക.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അത്യപൂർവ്വമായ ഈ കേസിൽ ശിക്ഷിക്കപ്പെടുന്നതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.