തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് ആന്റണി രാജു അയോഗ്യനായതോടെ, തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മുന്നണികളിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകൾക്കിടെ, മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫിലും യുഡിഎഫിലും ഘടകകക്ഷികൾ അവകാശവാദവുമായി രംഗത്തെത്തിക്കഴിഞ്ഞു.(Antony Raju disqualified, Huge tug-of-war for seat in Thiruvananthapuram)
ആന്റണി രാജുവിന് പകരമായി കരുത്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനാകാത്ത പ്രതിസന്ധിയിലാണ് ജനാധിപത്യ കേരള കോൺഗ്രസ്. ഈ സാഹചര്യം മുതലെടുത്ത് സീറ്റ് സ്വന്തമാക്കാൻ കേരള കോൺഗ്രസ് (എം) നീക്കം തുടങ്ങി. ലത്തീൻ സഭാംഗവും ജില്ലാ പ്രസിഡന്റുമായ ജെ. സഹായദാസിനെ മത്സരിപ്പിക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം. എന്നാൽ, മണ്ഡലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
യുഡിഎഫിൽ സിഎംപി (CMP) സീറ്റിനായി ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 2001-ൽ തിരുവനന്തപുരം വെസ്റ്റിൽ എം.വി. രാഘവൻ വിജയിച്ച പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് സിഎംപി സീറ്റ് ആവശ്യപ്പെടുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോണിനെ നിയമസഭയിലെത്തിക്കാൻ ഏറ്റവും അനുയോജ്യമായ മണ്ഡലമാണിതെന്ന് സിഎംപി കരുതുന്നു.
രണ്ടുതവണ എംഎൽഎയും മന്ത്രിയുമായിരുന്ന വി.എസ്. ശിവകുമാർ മണ്ഡലം തിരിച്ചുപിടിക്കാനായി വീണ്ടും രംഗത്തുണ്ട്. കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേടിക്കൊടുത്ത മുന്നേറ്റം അദ്ദേഹം തന്റെ യോഗ്യതയായി ഉയർത്തിക്കാട്ടുന്നു.