

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനും അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ഇപ്പോൾ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് ആന്റോ ആന്റണി എംപി. അന്വേഷണം തടസ്സപ്പെടുത്താനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോ 2013-14 കാലഘട്ടത്തിലേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിക്കൊപ്പമുള്ള ആ ചിത്രത്തിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും താനുമുണ്ട്. പൊതുപ്രവർത്തകർക്കൊപ്പം നിരവധി പേർ ഫോട്ടോ എടുക്കാൻ വരാറുണ്ട്, അന്നത്തെ ഫോട്ടോയിൽ കൂടെയുള്ളത് ആരാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ളക്കേസിലെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുമ്പോൾ അതിൽ നിന്ന് തിരിച്ചടി നേരിടുമെന്ന ഭയമാണ് ഇത്തരം കഥകൾക്ക് പിന്നിൽ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം യഥാർത്ഥ പ്രതികളെ കണ്ടെത്താനാണ് അധികൃതർ ശ്രമിക്കേണ്ടത്.
കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുസമൂഹത്തിന് ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപിയും സിപിഎമ്മും ആരോപണങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ആന്റോ ആന്റണിയുടെ ഈ പ്രതികരണം.