'രാഷ്ട്രപതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു': ഹെലികോപ്റ്ററിൻ്റെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ ആന്റോ ആൻ്റണി MP, സുരക്ഷാ വീഴ്ച ഇല്ലെന്ന് കോന്നി MLA | President
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആന്റോ ആന്റണി എം.പി. ആരോപിച്ചു. ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്ന സ്ഥലത്തെ കോൺക്രീറ്റ് ഉണങ്ങാൻ സമയം ലഭിക്കാത്തതാണ് തറ താഴ്ന്നുപോകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.(Anto Antony MP on President's helicopter wheels hitting concrete)
പ്ലാൻ ബി (അടിയന്തര സാഹചര്യ പ്ലാൻ) യെക്കുറിച്ച് അധികൃതർ ഫലപ്രദമായി ആലോചിച്ചില്ല. രാഷ്ട്രപതി എത്തുന്നതിന് തൊട്ടുമുമ്പ് മൈതാനത്തേക്ക് തെരുവുനായ ഓടിക്കയറിയ സംഭവവും എം.പി. ചൂണ്ടിക്കാട്ടി. രാഷ്ട്രപതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ആന്റോ ആന്റണി എം.പി. കൂട്ടിച്ചേർത്തു.
സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോന്നി എം.എൽ.എ.
എന്നാൽ, രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോന്നി എം.എൽ.എ. കെ.യു. ജനീഷ് കുമാർ പ്രതികരിച്ചു. ഹെലികോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ലെന്നും ദൂരെ നിന്ന് മാധ്യമങ്ങൾക്ക് കണ്ടപ്പോൾ തോന്നിയതാണെന്നും ജനീഷ് കുമാർ പറഞ്ഞു.
എം.എൽ.എയുടെ വിശദീകരണം ഇങ്ങനെ: "ഹെലികോപ്റ്ററിന്റെ വീൽ താഴ്ന്നു പോയിട്ടില്ല. 'H' മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത്. അൽപ്പം മാറിപ്പോയതാണ്. പൈലറ്റ് ആവശ്യപ്പെട്ടത് അനുസരിച്ച് മധ്യഭാഗത്തേക്ക് നീക്കി ഇട്ടതാണ്. എൻ.എസ്.ജി. (നാഷണൽ സെക്യൂരിറ്റി ഗാർഡ്) അടക്കം പരിശോധിച്ച സ്ഥലമാണിത്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിക്കുന്നത്. അതനുസരിച്ചാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. യുദ്ധാടിസ്ഥാനത്തിലാണ് കോന്നിയിൽ ക്രമീകരണങ്ങൾ ചെയ്തത്. കോൺക്രീറ്റ് താഴ്ന്ന് പോയാൽ എന്താണ് പ്രശ്നം? മുകളിലേക്ക് ഉയർന്നല്ലേ പോകുന്നത്?"