
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക എന്നതാണ് പലരുടെയും ശീലം. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങൾ എത്ര വലുതായാലും ചെറുതായാലും ബിന്നുകളിൽ ഇടുകയോ വീടുകളിൽ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറുകയോ വേണം. എന്നാൽ ഇതിന് ബോധവത്കരണം മാത്രം പോരാ. അതുകൊണ്ട് നിയമനടപടികളും ശക്തമാക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നതിനുള്ള ശിക്ഷ ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും പതിനായിരം രൂപവരെ പിഴ ഈടാക്കാം. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ-പഞ്ചായത്തിരാജ് ആക്ടുകൾ പ്രകാരം ഒരു ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാം.