'പാർലമെൻ്റിൽ കുനുഷ്ട് ചോദ്യങ്ങൾ ചോദിക്കാൻ വലിയ താൽപ്പര്യമാണ്, കേരള വിരുദ്ധ മനോഭാവം': NK പ്രേമചന്ദ്രനെതിരെ മുഖ്യമന്ത്രി | Chief Minister

ആദ്യ ചോദ്യത്തിൽ തെറ്റില്ല എന്നും അദ്ദേഹം പറഞ്ഞു
Anti-Kerala attitude, Chief Minister strongly criticizes NK Premachandran
Updated on

കോഴിക്കോട്: കേരളം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിനെ തുടർന്ന് എ.എ.വൈ. കാർഡുകൾ റദ്ദാക്കപ്പെടുമോ എന്ന് പാർലമെന്റിൽ ചോദ്യമുയർത്തിയ എം.പി. എൻ.കെ. പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ്. എം.പിമാരുടെ കേരളത്തോടുള്ള ദ്രോഹമനോഭാവമാണ് ഇത്തരം ചോദ്യങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Anti-Kerala attitude, Chief Minister strongly criticizes NK Premachandran)

"ആദ്യ ചോദ്യത്തിൽ തെറ്റില്ല. എന്നാൽ രണ്ടാമത്തെ ചോദ്യത്തിൽ, കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തെ മുഴുവൻ എ.എ.വൈ. കാർഡുകളും റദ്ദായി കിട്ടുമോ എന്നാണ് അവർ നോക്കുന്നത്. നേരത്തെ തന്നെ അത്തരമൊരു പ്രചാരണം നടന്നിരുന്നു." – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന മനോഭാവത്തിന് പിന്തുണ നൽകുന്ന നിലപാടാണ് യു.ഡി.എഫ്. എം.പിമാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരുതരത്തിലും വസ്തുതയുമായി ബന്ധമില്ലാത്ത ചോദ്യം ചോദിക്കുകയാണോ എം.പിമാർ ചെയ്യേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനും അന്ത്യോദയ കാർഡിനുള്ളവരെ കണ്ടെത്താനുമുള്ള മാനദണ്ഡങ്ങൾ വ്യത്യസ്തമാണെന്ന് നേരത്തെ തന്നെ വ്യക്തമാണ്. ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചതുമാണ്.

"പാർലമെന്റിൽ ഇത്തരം കുനുഷ്ട് ചോദ്യങ്ങൾ ചോദിക്കാൻ യു.ഡി.എഫ്. എം.പിമാർക്ക് വല്ലാത്ത ആവേശമാണ്. സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനും കേന്ദ്ര അവഗണനക്കെതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ല," മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. എം.പിമാരുടെ കേരള വിരുദ്ധ മനോഭാവമാണ് പ്രകടമാകുന്നത്. ഇതിനെതിരെയാണ് കെ.സി. വേണുഗോപാൽ എം.പി. പോലുള്ളവർ പ്രതികരിക്കേണ്ടത്. അല്ലാതെ ന്യായീകരിക്കാനായി സംവാദം നടത്തിക്കളയാമെന്ന് പറയരുത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com