തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും കേസെടുക്കാൻ പോലീസ് തീരുമാനം. ഇന്നലെ ലഭിച്ച പുതിയ പരാതിയിലാണ് നടപടി. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി.(Another rape case will be filed against Rahul Mamkootathil)
പുതിയ പരാതിയിൽ കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസ് നീക്കം. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തുന്ന രണ്ടാമത്തെ ബലാത്സംഗക്കേസാകും ഇത്. നിലവിൽ ആദ്യ കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കും. കെപിസിസി നൽകുന്ന ശുപാർശയോടെ എഐസിസി അന്തിമ തീരുമാനമെടുക്കും.
നേതാക്കളുടെ പ്രതികരണങ്ങൾ രാഹുലിനെതിരെ കടുത്ത നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. "ബ്രഹ്മാസ്ത്രത്തിന് സമയമായി." എന്ന് രൂക്ഷമായി പ്രതികരിച്ച മുരളീധരൻ, "പുകഞ്ഞ കൊള്ളി പുറത്തേക്ക് തന്നെ. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും [പാർട്ടിയിൽ നിന്ന്] പോകാം." എന്നും കൂട്ടിച്ചേർത്തു. "പാർട്ടി ദൗത്യം ഏൽപ്പിച്ചത് മതിൽ ചാടാനല്ല," എന്നും അദ്ദേഹം വിമർശിച്ചു.
മാതൃകാപരമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രതികരിച്ച കെ.കെ. രമ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ടു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമാണെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. രാഹുൽ ഇനി പാർട്ടിയിൽ പാടില്ലെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. പുതിയ കേസ് കൂടി വരുന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കോൺഗ്രസ് നേതൃത്വം വേഗത്തിലാക്കിയേക്കും.