കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് യതീഷ് ചന്ദ്രക്കെതിരെ നൽകിയ പരാതിയുടെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം. ഡി.ജി.പി. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും ഡി.ജി.പിക്ക് കത്തയച്ചു.(Another letter to DGP regarding Fresh Cut clash, protest will intensify)
സമരത്തിൽ പങ്കെടുത്തവർക്കെതിരെ യതീഷ് ചന്ദ്രൻ പക്ഷപാതപരമായി ഇടപെട്ടു എന്നും, ലാത്തിച്ചാർജിൽ വീഴ്ചയുണ്ടായി എന്നുമുള്ള ആരോപണങ്ങളാണ് പരാതിയുടെ അടിസ്ഥാനം. നേരത്തെ നൽകിയ പരാതി അന്വേഷണത്തിനായി റൂറൽ എസ്.പിക്ക് കൈമാറിയെന്നാണ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് പരാതിക്കാരനെ അറിയിച്ചിരുന്നത്.
മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥൻ അന്വേഷിച്ചാൽ നിക്ഷ്പക്ഷത ഉണ്ടാകില്ലെന്ന് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റും പരാതിക്കാരനുമായ ബിജു കണ്ണന്തറ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യം ഉന്നയിച്ചാണ് അദ്ദേഹം വീണ്ടും ഡി.ജി.പിക്ക് കത്തയച്ചത്.
അതേസമയം, പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് സമരസമിതി പ്രക്ഷോഭം വീണ്ടും ശക്തമാക്കാനൊരുങ്ങുകയാണ്. സമരവേദി കോഴിക്കോട് കളക്ടറേറ്റിലേക്ക് മാറ്റാൻ സമരസമിതി തീരുമാനിച്ചു. കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധത്തിലും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സമരം തലസ്ഥാനത്തേക്ക് മാറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്.
പോലീസ് കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടിക പുറത്തുവിടണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. അറസ്റ്റ് ഭയന്ന് നിരവധി പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. പട്ടികയിൽ ഇല്ലാത്തവർക്ക് ഭയമില്ലാതെ പുറത്തുവരാൻ വേണ്ടിയാണ് പ്രതിപ്പട്ടിക ചോദിക്കുന്നതെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.