തിരുവനന്തപുരം: നഗരത്തിലെ ബണ്ട് റോഡിന് സമീപം വീണ്ടും തീപിടുത്തം. ഇന്നലെ അർധരാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് ചവറുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത് തീ പടർന്നത്. സമീപത്ത് ആശുപത്രിയടക്കമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ഫയർഫോഴ്‌സിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.(Another fire breaks out on Bund Road, Firefighters avert major accident)
റോഡിലൂടെ പോയ വഴിയാത്രക്കാരനാണ് ചവറുകളിൽ തീ പടരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും തീ ആളിപ്പടർന്ന് സമീപത്തെ കാട്ടിലേക്ക് പടരാൻ തുടങ്ങിയിരുന്നു. സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അതിവേഗം തീയണച്ചു.
ബണ്ട് റോഡിന്റെ വശങ്ങളിൽ വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന പഴയ ആക്രി സാധനങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ആശ്വാസമായി. തീ പടർന്നിരുന്നെങ്കിൽ നിയന്ത്രിക്കാനാവാത്ത വിധം സ്ഥിതി വഷളാകുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പ്രദേശത്ത് ഇടയ്ക്കിടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇത്തവണയും ആരെങ്കിലും ബോധപൂർവ്വം തീയിട്ടതാണോ എന്ന് പോലീസും ഫയർഫോഴ്‌സും സംശയിക്കുന്നുണ്ട്.