കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം: തലസ്ഥാനത്ത് ചികിത്സയിലായിരുന്ന യുവതിക്ക് ജീവൻ നഷ്ടമായി; രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല | Amoebic encephalitis

കഴിഞ്ഞ 40 ദിവസമായി ചികിത്സയിൽ ആയിരുന്നു
Another death due to amoebic encephalitis in Kerala, woman undergoing treatment lost her life
Published on

തിരുവനന്തപുരം: നെടുമങ്ങാട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശിനി കെ. വി. വിനയ (26) ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. കഴിഞ്ഞ 40 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. (Another death due to amoebic encephalitis in Kerala, woman undergoing treatment lost her life)

രണ്ട് മാസം മുമ്പ് പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിനയ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

അന്ന് മുതൽ യുവതി വെൻ്റിലേറ്ററിലായിരുന്നു. രോഗബാധയുടെ ഉറവിടത്തെ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. കിണറ്റിലെ വെള്ളം വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ഇതിന് കാരണം നൈഗ്ലേരിയ ഫൗലേറി എന്ന അമീബയാണ്. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിൽ എത്തുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു.

97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. പനി, തീവ്രമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങൾ. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

Related Stories

No stories found.
Times Kerala
timeskerala.com