തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ പപരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഇന്നലെ ഉച്ചയോടെ യുവതിയുടെ പരാതി എത്തിയത്. കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിലിൽ സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച രാഹുല്‍ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുൽ വിളിച്ചുവരുത്ത് അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പിന്നീട് വിവാഹം കഴിച്ചാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് പിന്മാറിയെന്നും പരാതിയില്‍ പറയുന്നു.