'ക്ഷേമപദ്ധതി പ്രഖ്യാപനം രാഷ്ട്രീയ തന്ത്രമല്ല, ജനങ്ങളോടുള്ള പ്രതിബദ്ധത, നടപ്പിലാക്കാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ് പ്രഖ്യാപിച്ചത്': ധനമന്ത്രി | Welfare scheme

കേന്ദ്രത്തിൻ്റെ നയങ്ങൾക്കെതിരായി ഏറ്റവും ശക്തമായി നിൽക്കുന്നത് ഇടതുപക്ഷമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Announcing welfare scheme is not a political strategy, it is a commitment to the people, says Finance Minister
Published on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്തിടെ നടത്തിയ സുപ്രധാന ക്ഷേമപെൻഷൻ പദ്ധതി പ്രഖ്യാപനങ്ങളെ രാഷ്ട്രീയ തന്ത്രമായി കാണേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി കൃത്യമായ ആലോചനകൾക്ക് ശേഷം എടുത്ത തീരുമാനങ്ങളാണിവയെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും, കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകാൻ സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Announcing welfare scheme is not a political strategy, it is a commitment to the people, says Finance Minister)

വാരിക്കോരിയുള്ള പ്രഖ്യാപനങ്ങളല്ല, മറിച്ച് ആവശ്യത്തിന് ജനങ്ങൾക്ക് കൊടുക്കേണ്ട കാര്യങ്ങളാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പെൻഷൻ തുക 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കിയത് 25 ശതമാനം വർധനവാണ് ഉണ്ടാക്കിയത്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകും. വീട്ടമ്മമാർക്കുള്ള ആനുകൂല്യം, സ്കീം വർക്കേഴ്സിൻ്റെ അലവൻസ് വർദ്ധനവ് എന്നിവയെല്ലാം പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു, അദ്ദേഹം പറഞ്ഞു.

ഈ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ സാധിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് സർക്കാർ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രമല്ല ഇത്. കുറഞ്ഞത് ആറു മാസത്തെ സമയം മുന്നിലുള്ളതിനാൽ ഇത് പ്രവർത്തിച്ചു കാണിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല, എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്ന് മന്ത്രി സമ്മതിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ നയം കാരണം സംസ്ഥാനത്തിന് ഒരു വർഷം 57,000 കോടി രൂപയുടെ കുറവാണ് വരുമാനത്തിൽ വന്നത്. ഇത്രയേറെ വെട്ടിക്കുറവുകൾ ഉണ്ടായിട്ടും സംസ്ഥാനം പിടിച്ചുനിന്നത് കൃത്യമായ പ്ലാനിങ്ങിലൂടെയാണ്. 54,000 കോടി രൂപയുണ്ടായിരുന്ന ടാക്സും നോൺ-ടാക്സും ചേർന്ന വരുമാനം 95,000 കോടിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ അധ്വാനമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിൻ്റെ ആകെ റവന്യൂ വരുമാനത്തിൻ്റെ 25% മാത്രമേ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട ടാക്സിൽ നിന്ന് ലഭിക്കുന്നുള്ളൂ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് ശരാശരി ലഭിക്കുന്ന 53 ശതമാനത്തേക്കാൾ ഇത് വളരെ കുറവാണ്. പഴയ കണക്കനുസരിച്ച് ഈ വർഷം അവസാനമാകുമ്പോൾ ആറുലക്ഷം കോടി കടമെടുക്കേണ്ട സ്ഥാനത്ത്, കേന്ദ്രസർക്കാർ 4,07,000 കോടി എടുക്കാനേ സമ്മതിച്ചിട്ടുള്ളൂ. ചെലവുകൾ ചുരുക്കി പുറകോട്ട് പോകാൻ സർക്കാർ ശ്രമിക്കുന്നില്ല. സംസ്ഥാനത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

പി.എം. ശ്രീ പദ്ധതിയിൽ നിന്നും താൽക്കാലികമായി പിന്മാറിയ സാഹചര്യത്തിൽ, വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ സർക്കാർ ബദൽ സംവിധാനങ്ങൾ കാണും. കേന്ദ്രത്തിൻ്റെ നയങ്ങൾക്കെതിരായി ഏറ്റവും ശക്തമായി നിൽക്കുന്നത് ഇടതുപക്ഷമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com