
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ഫൈനലിന് ഉള്ളത്. അതുകൊണ്ടു തന്നെ വാശീയേറിയ പോരാട്ടമാണ് വീട്ടിൽ നടക്കുന്നത്. ടോപ്പ് 5 ലേക്ക് ആരൊക്കെ എത്തുമെന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. അതിനാല്‍ത്തന്നെ ഈ സീസണില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ വാശിയേറിയ മത്സരാവേശത്തിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും.
ഇതിനിടെ പല രസകരമായ സംഭവങ്ങളും വീടിനകത്ത് നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ബിഗ് ബോസിൽ കോമണറായി എത്തി പ്രേക്ഷകർക്കിടയിൽ സ്റ്റാറായി മാറിയ അനീഷിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊതുവെ ഒരു ഗൗരവക്കാരനായാണ് അനീഷിനെ കാണാറുള്ളത്. തമാശ പറഞ്ഞാലും അത് ഗൗരവത്തിലാണ് അനീഷ് എടുക്കാറുള്ളത്. എന്നാൽ അത്തരത്തിലുള്ള ഒരു അനീഷിനെയായിരുന്നില്ല പ്രേക്ഷകർ ഇന്നലെ കണ്ടത്.
തൻ്റെ മനസ്സിലെ ഒരിഷ്ടം തുറന്നുപറഞ്ഞ അനീഷിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തനിക്ക് ഈ വീട്ടിൽ ക്രഷ് തോന്നിയത് ജിസേലിനോടായിരുന്നുവെന്നാണ് അനീഷ് പറഞ്ഞത്. ഇത് പറഞ്ഞതോടെ, ഒരുപക്ഷേ ആദ്യമായിട്ടാവാം ഇത്രയും സന്തോഷവാനായി അനീഷിനെ പ്രേക്ഷകർ തന്നെ കാണുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിന് തൊട്ട് മുൻപായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഒരു ടാസ്ക് നൽകി. ബിഗ് ബോസ് സീസൺ ഏഴിൻ്റെ കിരീടം സ്വന്തമാക്കിയതായി കരുതുക, ശേഷം നൽകുന്ന ഇൻ്റർവ്യൂ ആയിരുന്നു ടാസ്ക്.
അനീഷിനോട് ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറയാനായിരുന്നു ഷാനവാസ് ചോദിച്ചത്. ഇതിനു മറുപടിയായി, സിനിമയിലേയ്ക്ക് കടക്കുകയും പുസ്തകം എഴുതുകയും ചെയ്യണമെന്ന് പറഞ്ഞു. ഇതിനു പിന്നാലെ, 'താങ്കൾക്ക് ബിഗ് ബോസ് വീട്ടിൽ വെച്ച് സ്ത്രീ സഹമത്സരാർത്ഥികളോട് ക്രഷ് തോന്നിയിട്ടുണ്ടോ?' എന്ന് അനുമോൾ ചോദിക്കുന്നത്. ഇതിന് അനീഷ് നൽകിയ ഉത്തരം പ്രേക്ഷകരും മത്സരരാർത്ഥികളും പ്രതീക്ഷിച്ചതല്ല.
'ചില സന്ദർഭങ്ങളിൽ സഹമത്സരാർത്ഥികളോട് ഇഷ്ടം തോന്നാറുണ്ട്' എന്നാണ് അനീഷ് പറയുന്നത്. പിന്നാലെ ജിസേലിൻ്റെ പേരുപറയുകയായിരുന്നു. ഈ സമയം ആര്യൻ ചാടി എണീറ്റു. എല്ലാവർക്കും ചിരി അടക്കാനായില്ല. ഇതിനുശേഷം അനീഷ് അനുവിന്റെ പേരും പറഞ്ഞു. ഇരുവരും ഒന്നിച്ചുണ്ടായിരുന്ന മനോഹര നിമിഷങ്ങളും അനീഷ് ഓർത്തെടുക്കുന്നുണ്ട്. എന്നാൽ അതിനെ പ്രണയം എന്ന് പറയാൻ പറ്റില്ലെന്നും അനീഷ് പറയുന്നുണ്ട്.