

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥൻ കോഴ ആവശ്യപ്പെട്ടെന്ന വിജിലൻസ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കശുവണ്ടി വ്യാപാരി അനീഷ് ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെത്തുടർന്ന് ബുധനാഴ്ച കൊച്ചിയിൽ വെച്ചാണ് ഇ.ഡി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
താൻസനിയയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലെ പ്രതിയാണ് അനീഷ് ബാബു. ഈ കേസ് ഒതുക്കിത്തീർക്കാൻ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ ഇടനിലക്കാരൻ വഴി രണ്ട് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് അനീഷിന്റെ പരാതി. അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്ന് ശേഖർ കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
വിജിലൻസ് അന്വേഷണം കാര്യക്ഷമമായിരുന്ന എസ്.പി ശശിധരനെ മാറ്റിയതോടെ അട്ടിമറിക്കപ്പെട്ടുവെന്നും, ഉന്നത രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള പ്രതികൾ കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് അനീഷ് ബാബു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
വിജിലൻസ് അന്വേഷണത്തോട് അനീഷ് സഹകരിക്കുന്നില്ലെന്നും ഫോൺ പാസ്‌വേഡ് കൈമാറുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഭയന്നാണ് ഹാജരാകാത്തതെന്ന് അനീഷ് വിശദീകരിച്ചു. തുടർന്ന് അന്വേഷണവുമായി സഹകരിക്കാനും പാസ്‌വേഡ് കൈമാറാനും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദ്ദേശിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ്, 10 തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന അനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഈ മാസം 21-ന് കോടതി വീണ്ടും പരിഗണിക്കും.