

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 77 കോടി രൂപയുടെ ജീവനോപാധി സഹായ പാക്കേജ് നടപ്പിലാക്കിയതായി ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മങ്കൊമ്പ് മൃഗാശുപത്രിയുടെ അങ്കണത്തിൽ നടന്ന ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പുതിയ മൃഗാശുപത്രി കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. (J Chinchu Rani)
കഴിഞ്ഞ 10 വർഷം മൃഗസംരക്ഷണ മേഖലയിൽ ഒട്ടേറെ പദ്ധതികളാണ് പ്രാവർത്തികമാക്കിയത്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗചികിത്സ സേവനം, 76 ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി സേവനം എന്നിവ നടപ്പിലാക്കി. 12 ജില്ലകളിൽ മൊബൈൽ സർജറി യൂണിറ്റുകൾ ആരംഭിച്ചു. വിളിപ്പുറത്ത് സേവനം നൽകുന്നതിനായി 1962 എന്ന കേന്ദ്രീകൃത കോൾ സെൻ്റർ സംവിധാനം നടപ്പിലാക്കിയതും ഈ സർക്കാരാണ്. ഫാം ലൈസൻസി ചട്ടങ്ങൾ കർഷക സൗഹൃദമായി പരിഷ്‌കരിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് പത്ത് പശുക്കളെ വരെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഗോ സമൃദ്ധി സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി പ്രകാരം രണ്ടര ലക്ഷത്തോളം പ്രജനന യോഗ്യമായ കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനും 7000 ക്ലെയിമുകൾ തീർപ്പാക്കി കർഷകർക്ക് ധനസഹായം നൽകുന്നതിനും സാധിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രീമിയം ഈടാക്കി കന്നുകാലി ഇൻഷുറൻസ് പദ്ധതി ഈ മാസം മുതൽ യാഥാർത്ഥ്യമാക്കാൻ പോവുകയാണ്. മൃഗാശുപത്രി യാഥാർത്ഥ്യമായതോടെ കർഷകർക്ക് കൂടുതൽ ഗുണനിലവാരമുള്ള സേവനം നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടു നിലകളിലായി 181 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം മൃഗസംരക്ഷണ വകുപ്പ് പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ച 43 ലക്ഷം രൂപയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ വിഹിതമായ 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. മൂന്ന് ഡോക്ടർമാർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു ലാബ് ടെക്നീഷ്യൻ, രണ്ട് അറ്റൻഡർ തുടങ്ങിയവരുടെ സേവനം ഇവിടെ ലഭിക്കും. ആശുപത്രി ലാബിൽ രക്തം, മൂത്രം, മലം, പാൽ എന്നിവ പരിശോധിക്കാന്‍ കഴിയും. രാത്രി സമയത്തും അടിയന്തര മൃഗചികിത്സാ സേവനങ്ങൾ ലഭിക്കും.
ചടങ്ങിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എസ് ശ്രീകാന്ത്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ജലജകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീല സജീവ്, ജയശ്രീ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീദേവി രാജേന്ദ്രൻ, ആനി ഈപ്പൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഫില്ലമ ജോസഫ്, പഞ്ചായത്തംഗം സജി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, സീനിയർ വെറ്ററിനറി സർജൻ ഡോ. കെ സിന്ധു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാജുമോൻ പത്രോസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.