
സാമൂഹ്യനീതിവകുപ്പിനു കീഴിൽ ഇരിഞ്ഞാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ അനിമൽ അസിസ്റ്റഡ് തെറാപ്പി ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
പരിശീലനം സിദ്ധിച്ച മൃഗങ്ങളുടെ സഹായത്തോടെയുള്ള പുതിയ ചികിത്സാ രീതിയാണ് അനിമൽ അസിസ്റ്റഡ് തെറാപ്പി. നിപ്മറിലെ ഒക്യുപ്പേഷണൽ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ നൂതന ചികിത്സാ സമ്പ്രദായം ആരംഭിച്ചിരിക്കുന്നത്.
നായകൾ, മുയൽ ഉൾപ്പെടെയുള്ള ചെറുമൃഗങ്ങൾ, ആട്, പശു, കുതിര ഉൾപ്പടെയുള്ള മറ്റ് മൃഗങ്ങൾ എന്നിവയെ ഉപയോഗിച്ച് തെറാപ്പി ചെയ്യാൻ കഴിയും. തുടക്കം എന്ന നിലയിൽ ഒരു അനിമൽ ട്രെയിനറുടെ നേതൃത്വത്തിൽ പരിശീലനം സിദ്ധിച്ച നായയെയാണ് എല്ലാത്തരം ശുചിത്വ, ആരോഗ്യ, ചികിത്സാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് തെറാപ്പിക്കായി പ്രയോജനപ്പെടുത്തുന്നത്.
സെൻസറി പ്രശ്‌നമുള്ള കുട്ടികളുടെ പെരുമാറ്റപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികളെ ഉത്കണ്ഠ, ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ് എന്നിവ പരിഹരിക്കുന്നതിനും സാമൂഹ്യ ഇടപെടൽ വർധിപ്പിക്കുന്നതിനും ഈ ചികിത്സാ രീതി ഫലപ്രദമാണ് - മന്ത്രി പറഞ്ഞു.