കൊച്ചി: തേവര കോന്തുരുത്തിയിൽ ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടുവളപ്പിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. പറഞ്ഞ തുകയെക്കാൾ കൂടുതൽ പണം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതിയായ തേവര കോന്തുരുത്തി കൊടിയന്തറ സ്വദേശി കെ.കെ. ജോർജ് പോലീസിനോട് പറഞ്ഞു.(Angered by being asked for more money, Statement of George, the accused in the murder of a sex worker in Kochi)
സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തുക പറഞ്ഞുറപ്പിച്ചാണ് പാലക്കാട് സ്വദേശിനിയായ സ്ത്രീയെ ജോർജ് ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെത്തിച്ചത്. അപ്പവും ചിക്കൻ കറിയും ഇവർ പാഴ്സൽ വാങ്ങിയിരുന്നു. രാത്രി 12 മണിയോടെ സ്ത്രീ തിരിച്ചുപോകാനൊരുങ്ങുമ്പോൾ ജോർജ് പറഞ്ഞ തുക നൽകി. എന്നാൽ, സ്ത്രീ കൂടുതൽ തുക ആവശ്യപ്പെട്ടത് വഴക്കിന് കാരണമായി.
വഴക്കിന്റെ അരിശത്തിൽ കൈയിൽ കിട്ടിയ ഇരുമ്പുവടിയെടുത്ത് ജോർജ് സ്ത്രീയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ സ്ത്രീ മരണപ്പെട്ടു. കനത്ത മദ്യലഹരിയിലായിരുന്ന ജോർജ്, മണിക്കൂറുകൾക്കു ശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
തലയുടെ ഭാഗം ചാക്കുകൊണ്ട് മൂടിയശേഷം കാലിൽ പിടിച്ചുവലിച്ച് മുക്കാൽ കിലോമീറ്റർ അകലെയുള്ള ഇടവഴിയിൽ കൊണ്ടുവന്നിട്ടു. ഈ ശ്രമത്തിനിടെ തളർന്നുപോയ ജോർജ് മൃതദേഹത്തിനടുത്ത് കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. പുലർച്ചെ നാലരയോടെ മുക്കാൽ കിലോമീറ്റർ അകലെയുള്ള ഒരു അപ്പക്കടയിൽ ചാക്ക് കാണുമെന്ന ധാരണയിൽ ജോർജ് അവിടേക്കും പോയിരുന്നു.
ഇന്ന് രാവിലെ ആറരയോടെ ഹരിതകർമ സേനാംഗമായ കുമ്പളങ്ങി സ്വദേശി കെ.ജെ. മണിയാണ് ജോർജിനെയും സമീപത്ത് മൃതദേഹവും ആദ്യമായി കാണുന്നത്. മുഖം മറച്ചിരുന്നതിനാൽ ജോർജിന്റെ ഭാര്യയാണെന്നാണ് മണിക്ക് ആദ്യം തോന്നിയത്. തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ജോർജ് മണിയോട് ആവശ്യപ്പെട്ടു. "ആരാണ് ഇതെന്ന് തനിക്കറിയില്ല, ആരോ ഇവിടെ കൊണ്ടിട്ടു പോയതാണ്" എന്ന് ജോർജ് പറഞ്ഞതോടെ മണി അയൽവീട്ടിലെ സ്ത്രീയെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലർ ബെൻസി ബെന്നിയെയും പോലീസിനെയും വിളിക്കുകയായിരുന്നു.
ജോർജ് കടുത്ത മദ്യപാനിയാണെന്നും, മദ്യപിച്ചു കഴിഞ്ഞാൽ സ്വഭാവം മാറാറുണ്ടെന്നും പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുമ്പും ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. ജോർജിന്റെ ഭാര്യ മകളുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതിനാലാണ് ജോർജ് വീട്ടിൽ ഒറ്റക്കായത്. ജോർജും ആഘോഷത്തിൽ പങ്കെടുക്കാൻ പോകാനിരിക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വൈകിട്ടോടെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. മൃതദേഹം 20 മീറ്ററോളം ദൂരമാണ് പ്രതി വലിച്ചിഴച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരുന്നു.