

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ആരാകും കപ്പ് നേടുക എന്നറിയാനുള്ള ആകാംഷയിലാണ് ബിബി ആരാധകർ. ടോപ്പ് ഫൈവിൽ അനുമോൾ, അനീഷ്, അക്ബര്‍, നെവിൻ, ഷാനവാസ് എന്നിവരാണ് എത്തിയിട്ടുള്ളത്. ഇതിൽ ആർക്കാണ് കൂടുതൽ സാധ്യത എന്നത് അവസാന മണിക്കൂറുകളിലും ചോദ്യ ചിഹ്നമായി തുടരുന്നു.
അതേസമയം, ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ചരിത്രം സൃഷ്ടിക്കുകയാണ് അനീഷ് ടി എ . ബിഗ് ബോസ് സീസൺ ഏഴിൽ കോമണറായി എത്തിയ അനീഷ് ഇന്ന് മലയാളികൾക്ക് സുപരിചിതനാണ്. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഫൈനലിൽ എത്തുന്ന ആദ്യ കോമണർ എന്ന നേട്ടമാണ് അനീഷ് സ്വന്തമാക്കിയിരിക്കുന്നത്. തുടക്കം മുതൽ മറ്റ് മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തനായിരുന്നു അനീഷ്. വീട്ടിനുള്ളിൽ കൂടുതൽ സംഘർഷത്തിനു വഴിവച്ചത് അനീഷിന്റെ സംസാരമായിരുന്നു. തുടക്കത്തിൽ പ്രേക്ഷകരുടെയും മത്സരാർത്ഥികളുടെയും വെറുപ്പ് നേടിയെങ്കിലും പിന്നീട് അത് മാറുന്ന കാഴ്ചയാണ് കണ്ടത്. ഷോയിൽ 100 ദിവസം പൂർത്തിയാക്കി അനീഷ് പുറത്തിറങ്ങുന്നത് ഒരു സെലിബ്രിറ്റി പദവിയോടെയാണ്.
സാധാരണ ജനങ്ങളില്‍ നിന്ന് പ്രത്യേക മത്സരം നടത്തിയാണ് കോമണേഴ്‍സിനെ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കുക. ബിഗ് ബോസ് ആദ്യ സീസണിൽ ഗോപികയായിരുന്നു കോമണറായി എത്തിയത്. നിര്‍ണായക സാന്നിദ്ധ്യമാകാൻ ഗോപികയ്‍ക്ക് കഴിഞ്ഞിരുന്നു. ആറാം സീസണില്‍ റെസ്‍മിനും നിഷാനയും കോമണേഴ്‍സായി എത്തി. ഇവരില്‍ റെസ്‍മിൻ ഏതാണ്ട് അവസാന ഘട്ടം വരെ എത്തുകയും ചെയ്‍തിരുന്നു. തൃശൂർ കോടന്നൂര് സ്വദേശിയാണ് അനീഷ്. സര്‍ക്കാര്‍ ജോലിയിൽ നിന്ന് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു.