ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയി; അഞ്ചൽ ഇ.എസ്.ഐയിൽ പ്രതിഷേധം, കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു | Anchal ESI Hospital issue
അഞ്ചൽ: കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിൽ ഡോക്ടറും ജീവനക്കാരും കൂട്ടത്തോടെ വിവാഹത്തിന് പോയതിനെത്തുടർന്ന് ആശുപത്രി പ്രവർത്തനം സ്തംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ഡോക്ടർ ഉൾപ്പെടെ 18 ജീവനക്കാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആരോപണം.
ചികിത്സ തേടിയെത്തിയ നിരവധി രോഗികൾ ആശുപത്രിക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ എത്തിയതോടെ രംഗം വഷളായി. വിവരമറിഞ്ഞ് പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
സംഭവം വിവാദമായതോടെ കൊല്ലം ജില്ലാ കലക്ടർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് രോഗി മരിച്ച സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആരോഗ്യവകുപ്പിന് നാണക്കേടുണ്ടാക്കുന്ന ഈ പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡ്യൂട്ടി സമയത്ത് മുങ്ങിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

