'ആനന്ദ് BJP പ്രവർത്തകനല്ല, സ്ഥാനാർത്ഥി പട്ടികയിലും ഉണ്ടായിട്ടില്ല, ശിവസേനയിൽ അംഗമായിരുന്നു': ആത്മഹത്യയിൽ പ്രതികരണവുമായി BJP നേതൃത്വം | BJP

കെ. മുരളീധരൻ നടത്തിയ വിമർശനങ്ങളോട് ബിജെപി നേതാക്കൾ രൂക്ഷമായി പ്രതികരിച്ചു.
'ആനന്ദ് BJP പ്രവർത്തകനല്ല, സ്ഥാനാർത്ഥി പട്ടികയിലും ഉണ്ടായിട്ടില്ല, ശിവസേനയിൽ അംഗമായിരുന്നു': ആത്മഹത്യയിൽ പ്രതികരണവുമായി BJP നേതൃത്വം | BJP
Published on

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ആനന്ദ് കെ. തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം. ആനന്ദിൻ്റെ മരണം ബിജെപിക്കെതിരായ കുപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷും സ്ഥാനാർഥി ആർ. ശ്രീലേഖയും സംയുക്തമായി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.(Anand is not a BJP worker, BJP leadership reacts to suicide)

"ആനന്ദിന്റെ മരണം ദുഃഖകരമാണ്. എന്നാൽ ഇത് രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ല. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ആനന്ദ് ഉദ്ദവ് താക്കറെയുടെ ശിവസേനയിൽ അംഗമായിരുന്നു. അങ്ങനെയൊരു യുവാവിൻ്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണ്," ബി ജെ പി പറയുന്നു.

ആനന്ദിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ നടത്തിയ വിമർശനങ്ങളോട് ബിജെപി നേതാക്കൾ രൂക്ഷമായി പ്രതികരിച്ചു. "രാജീവ് ചന്ദ്രശേഖർ നേതാവായത് അച്ഛൻ്റെ തണലിൽ അല്ല. അദ്ദേഹത്തെ വിമർശിക്കാൻ കെ. മുരളീധരൻ 5 ജന്മം ജനിക്കണം. മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഐ.സി. ബാലകൃഷ്ണൻ ഇന്ന് പ്രതികൂട്ടിൽ ആണ്. കെ. മുരളീധരൻ ചാരിത്ര്യപ്രസംഗം നടത്തരുത്, " എന്നും വിമർശനമുയർന്നു. തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയത് എന്നും അവർ പറഞ്ഞു.

സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദ് കെ. തമ്പി സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ പുറത്തുവന്നു. തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. "രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. സമ്മർദം എല്ലാഭാഗത്തുനിന്നുണ്ട്. ഇത്രമാത്രം അപമാനിച്ചിട്ട് അവൻമാരെ വെറുതെ വിടില്ല. എനിക്ക് കഴിയുന്നത്ര പോരാടും. എൻ്റെ ഐഡൻ്റിറ്റിയുടെ കാര്യമാണിത്. ഇത്രയും കാലം സംഘടനയ്ക്കുവേണ്ടി എൻ്റെ പണം, ശരീരം, മനസ്, സമയം എല്ലാം നൽകി. സീറ്റിൻ്റെ കാര്യത്തിൽ ഈ പരിപാടി കാണിക്കുമ്പോൾ അത് നാലാക്കി മടക്കി വീട്ടിൽ പോയിരിക്കാൻ തനിക്ക് പറ്റില്ല, " അദ്ദേഹം പറയുന്നു.

ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പോലീസ് എഫ്.ഐ.ആർ. സഹോദരി ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് വലിയ മനോവിഷമത്തിലായിരുന്നതെന്നും മൊഴിയിൽ പറയുന്നു.

ആത്മഹത്യാസന്ദേശത്തിൽ ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ ആനന്ദ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരാളെ അധികാരത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.

ബിജെപി ഏരിയ പ്രസിഡൻ്റായ ആലപ്പുറം ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിൻ്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരാണ് താൻ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ കാരണമെന്നും ആരോപിച്ചു. മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്നും ആനന്ദ് ആരോപിക്കുന്നു. ആത്മഹത്യാ സന്ദേശത്തിൽ പറയുന്ന ബിജെപി, ശിവസേന നേതാക്കളുടെ മൊഴിയെടുക്കാനും, സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും, ആനന്ദിൻ്റെ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com