കൊച്ചി: കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫ് സമർപ്പിച്ച ഹർജിയിൽ 'അണലി' എന്ന വെബ് സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംപ്രേഷണം തടയണമെന്ന ആവശ്യം തള്ളിയ കോടതി, കേസിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു.(Anali web series, Jolly moves High Court seeking stay on airing
കൂടത്തായി കൊലക്കേസുമായി വെബ് സീരീസിന്റെ കഥയ്ക്ക് സാമ്യമുണ്ടെന്നും ഇത് തന്നെ മോശമായി ചിത്രീകരിക്കുന്നതാണെന്നുമാണ് ജോളിയുടെ ഹർജിയിലെ പ്രധാന ആരോപണം. ടീസറിലെ ചില ദൃശ്യങ്ങൾ തന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ഇതിന്റെ സംപ്രേഷണം തടയണമെന്നും ജോളി ആവശ്യപ്പെട്ടു.
വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ, വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ സംപ്രേഷണം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ കേന്ദ്ര സർക്കാരിനെയും കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് ജനുവരി 15-ന് കോടതി വീണ്ടും പരിഗണിക്കും.